മലയാള പഠനം നിര്‍ബന്ധം; ബില്‍ പാസാക്കി

Wednesday 24 May 2017 10:49 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള 2017 ലെ മലയാള ഭാഷാ പഠന ബില്‍ നിയമ സഭ ഐകകണ്‌ഠേന പാസാക്കി. ഇതനുസരിച്ച് ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, സിബിഎസ്‌സി, ഐസിഎസ്ഇ തുടങ്ങി എല്ലാ സിലബസിലും ഒന്നുമുതല്‍ പത്ത് വരെ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിലവില്‍ മലയാള പഠനം നിര്‍ബന്ധമാണ്. മലയാളം പഠിപ്പിക്കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കും ഭാഷാ ന്യൂനപക്ഷ സ്‌കൂളുകള്‍ക്കും എസ്‌സിഇആര്‍ടി പ്രത്യേകം പാഠ പുസ്തകങ്ങള്‍ തയ്യാറാക്കി നല്‍കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വിദേശത്ത് നിന്നോ പഠനം മതിയാക്കി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാപഠനം സാധ്യമാകാത്ത പക്ഷം അവരെ പത്താംതരം മലയാള ഭാഷയില്‍ നിന്ന് ഒഴിവാക്കും. എന്നാല്‍ എസ്‌സിഇആര്‍ടി പുസ്തകം പഠിപ്പിക്കണം. കാസര്‍കോഡ്, മഞ്ചേശ്വരം തുടങ്ങിയ സ്ഥലങ്ങളിലെ ഭാഷാ ന്യൂനപക്ഷ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിപ്പിക്കുന്ന ഭാഷകളോടൊപ്പം മലയാളവും നിര്‍ബന്ധമാക്കും. എന്നാല്‍ അവര്‍ ഏത് ഭാഷയിലാണോ മറ്റ് വിഷയങ്ങള്‍ പഠിക്കുന്നത് അത് ആ ഭാഷയില്‍ തന്നെ തുടരാം. ഇത്തരം സ്‌കൂളുകള്‍ക്കായി മലയാള അദ്ധ്യാപക തസ്തിക ഉള്‍പ്പെടെ സര്‍ക്കാര്‍ സൃഷ്ടിക്കും. സിബിഎസ്‌സി, ഐസിഎസ്ഇ ഉള്‍പ്പെടെയുള്ള സിലബസുകള്‍ പഠിപ്പിക്കുന്നതും മൂന്നിലധികം ഭാഷകള്‍ പഠിപ്പിക്കുന്നതുമായ സ്വകാര്യ സ്‌കൂളുകള്‍ക്ക് സര്‍ക്കാരിന്റെ നിരാക്ഷേപപത്രം (എന്‍ഒസി) ലഭിക്കുന്നതിന് മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കും. ഈ ബില്‍ നിയമമാകുന്നതോടെ മലയാളം സംസാരിക്കുന്നത് നിരോധിക്കുകയോ വിലക്കുകയോ മറ്റേതെങ്കിലും ഭാഷ മാത്രം സംസാരിക്കണമെന്ന് നിര്‍ബന്ധംവയ്ക്കുകയോ ചെയ്താല്‍ പ്രധാന അദ്ധ്യാപകന്‍ അയ്യായിരം രൂപ പിഴ അടയ്‌ക്കേണ്ടിവരും. ഒപ്പം സ്വകാര്യ സ്‌കൂളുകള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനുള്ള എന്‍ഒസി നഷ്ടപ്പെടും. ബില്‍ ഗവര്‍ണ്ണറുടെ പരിഗണനയ്ക്ക് അയച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.