തൊഴിലുറപ്പ് പദ്ധതി; കേരളത്തിന്റെ വീഴ്ച, കുടിശ്ശിക 642 കോടി

Thursday 25 May 2017 12:39 am IST

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിമൂലം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന 14.5 ലക്ഷം കുടുംബങ്ങള്‍ക്ക് കൂലി മുടങ്ങി. പദ്ധതി സുതാര്യമായി നടപ്പാക്കണമെന്നും കണക്കുകളിലെ തകരാറുകള്‍ പരിഹരിക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതാണ് കൂലിക്ക് തടസം. ആറു മാസമായി കൂലി മുടങ്ങിയിട്ടും പ്രശ്‌നം പരിഹരിക്കാനുള്ള ഒരു നടപടിയും സംസ്ഥാനം സ്വീകരിച്ചിട്ടില്ല. ഇതോടെ തൊഴിലാളികളുടെ കൂലി കുടിശ്ശിക 642 കോടി രൂപയായി ഉയര്‍ന്നു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലും ഫണ്ട് വിനിയോഗത്തിലും കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും തട്ടിപ്പ് നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കണക്കിനൊപ്പം പദ്ധതി പ്രകാരം പൂര്‍ത്തിയാക്കുന്ന പ്രവൃത്തികളുടെ ഫോട്ടോകളും ഓണ്‍ലൈനായി നല്‍കണമെന്ന് കേന്ദ്രം വ്യവസ്ഥ വച്ചു. മറ്റു സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശം നടപ്പാക്കി, കേരളം അവഗണിച്ചു. ചെയ്ത ജോലികള്‍, ഓരോ ജോലിക്കും ആവശ്യമായ തൊഴിലാളികളുടെ എണ്ണം, എസ്റ്റിമേറ്റ് തുക തുടങ്ങിയവ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, ഭൂരിഭാഗം പഞ്ചായത്തുകളും ഇതിന് തയാറായില്ല. ജോലികളുടെ ഫോട്ടോയും സോഷ്യല്‍ ഓഡിറ്റ് വിവരങ്ങളും കൃത്യമായി നല്‍കിയാലേ പണം നല്‍കൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. കൃത്രിമ രേഖയുണ്ടാക്കി പണം ദുര്‍വിനിയോഗം ചെയ്തതിനാല്‍ പല പഞ്ചായത്തുകള്‍ക്കും വ്യക്തമായ രേഖകള്‍ ഹാജരാക്കാനായില്ല. തൊഴിലാളികളുടെ കൂലി മുടങ്ങിയാല്‍ നഷ്ടപരിഹാരത്തിന് വ്യവസ്ഥയുണ്ട്. കൂലി മുടങ്ങാന്‍ കാരണക്കാരായവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അതിനാല്‍ ഉത്തരവാദിത്തമേറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കേണ്ടിവരും. 2016 ഡിസംബര്‍ മുതല്‍ ജോലി ചെയ്ത കൂലിയാണ് തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. 2017-18 സാമ്പത്തിക വര്‍ഷത്തെ തൊഴിലുറപ്പ് പണികള്‍ തുടങ്ങി. എന്നാല്‍, കൂലിയില്ലാത്തതിനാല്‍ തൊഴിലാളികള്‍ കുറവാണ്. സംസ്ഥാനമൊട്ടാകെ 32,01,923 കുടുംബങ്ങളാണ് തൊഴിലുറപ്പു പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 14,57,423 കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ സജീവമായുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.