കുളനട പഞ്ചായത്ത് ഭരണം ബിജെപിക്ക്

Friday 26 May 2017 1:54 am IST

പന്തളം: കുളനട ഗ്രാമപഞ്ചായത്തില്‍ ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അശോകന്‍ കുളനട വിജയിച്ചു. വൈസ് പ്രസിഡന്റായി ബിജെപിയിലെതന്നെ ശോഭനാ അച്യുതനും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയായ അശോകന്‍ കുളനടയും എല്‍ഡിഎഫിലെ പോള്‍ രാജും തമ്മില്‍ നടന്ന മത്സരത്തില്‍ 5 വോട്ടുകള്‍ക്കെതിരെ 7 വോട്ടുകള്‍ നേടി അശോകന്‍ കുളനട വിജയിച്ചു. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ വിട്ടുനിന്നു. അശോകന്‍ കുളനടയുടെ പേര് ബിജെപിയിലെ രാജി ടി.വി. നിര്‍ദ്ദേശിച്ചു. പി.ആര്‍. മോഹന്‍ദാസ് പിന്താങ്ങി. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിലെ സജി പി.ജോണിന്റെ പേര് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ബാലറ്റ് പേപ്പര്‍ വാങ്ങി വോട്ട് അസാധുവാക്കുകയായിരുന്നു. രണ്ടാം ഘട്ടത്തിലാണ് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ നേരിട്ടുള്ള മത്സരമായത്. ഉച്ചയ്ക്കു നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും രാവിലത്തേതിന്റെ തനിയാവര്‍ത്തനമായിരുന്നു. ബിജെപിയിലെ ശോഭന അച്യുതനും ഇടതുപക്ഷത്തിലെ വിശ്വകലയും തമ്മിലായിരുന്നു മത്സരം. ബിജെപിക്ക് ഏഴ് വോട്ടുകളും ഇടതുപക്ഷത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ട് അസാധുവാക്കി. വരണാധികാരി അടൂര്‍ എഇഒ സുമാദേവിയമ്മയുടെ മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്ത് അശോകന്‍ കുളനട പ്രസിഡന്റായി ചുമതലയേറ്റു. പ്രസിഡന്റിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ശോഭനാ അച്യുതനും അധികാരമേറ്റു. കഴിഞ്ഞ 27ന് ബിജെപി കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് നിലവിലുണ്ടായിരുന്ന പ്രസിഡന്റ് സൂസന്‍ തോമസും വൈസ് പ്രസിഡന്റ് എത്സി ജോസഫും പുറത്തായത്. 16 അംഗ സമിതിയില്‍ ബിജെപി 7, കോണ്‍ഗ്രസ് 4, എല്‍ഡിഎഫ് 3, എല്‍ഡിഎഫ് സ്വതന്ത്ര 1, സിപിഎം വിമത 1 എന്നതാണ് കക്ഷിനില. ബിജെപി അധികാരത്തിലെത്തുന്നതു തടയാന്‍ സൂസന്‍ തോമസിനെ പ്രസിഡന്റും എത്സി ജോസഫിനെ വൈസ് പ്രസിഡന്റുമാക്കി കോണ്‍ഗ്രസും എല്‍ഡിഎഫും പിന്തുണയ്ക്കുകയായിരുന്നു. പഞ്ചായത്തില്‍ ഭരണം സ്തംഭിച്ചതാണ് ബിജെപി അവിശ്വാസം കൊണ്ടുവരാന്‍ കാരണം. ജില്ലാ നേതൃത്വം നല്‍കിയ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിലെ 4 അംഗങ്ങളും പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.