മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം

Friday 26 May 2017 1:19 am IST

സ്‌റ്റോക്ക്‌ഹോം: മാഞ്ചസ്്റ്റര്‍ യുണൈറ്റഡിന് യൂറോപ്പ ലീഗ് കിരീടം. ഫൈനലില്‍ അവര്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഡച്ച് ടീമായ അയാക്‌സിനെ തോല്‍പ്പിച്ചു.ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ ഈ കിരീടം കരസ്ഥമാക്കുന്നത്.പോള്‍ പോഗ്ബയും ഹെന്റി മികിതാര്യനുമാണ് ഗോള്‍ നേടിയത്. ഈ വിജയത്തോടെ ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് യോഗ്യത ലഭിച്ചു. ചാമ്പ്യന്‍സ് ലീഗ് ,യൂറോപ്പ ലീഗ്, യുഇഎഫ്എ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങള്‍ നേടുന്ന അഞ്ചാമത്തെ ടീമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്്. അയാക്‌സ്, ചെല്‍സി,യുവന്റസ്,ബയേണ്‍ മ്യൂണിക്ക് എന്നിവയാണ് ഇതിന് മുമ്പ് ഈ മൂന്ന് കിരീടങ്ങള്‍ നേടിയ ടീമുകള്‍. ചെല്‍സിയാണ് മാഞ്ചസ്റ്ററിന് മുമ്പ് ഈ നേട്ടം കൈവരിച്ച ടീം. 2012-2013 സീസണിലാണ് ചെല്‍സി ഈ നേട്ടം സ്വന്തമാക്കിയത്. ഷാല്‍ക്കെയ്ക്കും ലിയോണിനും എതിരെ മികച്ച പ്രകടനവുമായി ഫൈനലിലേയ്ക്ക് കയറി വന്ന അയാക്‌സിന് പക്ഷെ കലാശക്കളയില്‍ മികവ് നിലനിര്‍ത്താനയില്ല.അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തുടക്കം മുതല്‍ പൊരുതി മുന്നേറി. പതിനെട്ടാം മിനിറ്റില്‍ അവര്‍ മുന്നിലെത്തി. അയാക്‌സിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കിയാണ് ഗോള്‍ നേടിയത്. പോഗ്ബയുടെ ഷോട്ട് വലയില്‍ കയറി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാഞ്ചസ്റ്റര്‍ ലീഡ് ഉയര്‍ത്തി.ഇത്തവണ ഹെന്റി മികിതാര്യനാണ് സ്‌കോര്‍ ചെയ്തത്.രണ്ടു ഗോള്‍ വീണതോടെ അയാക്‌സ് ഉണര്‍ന്നു കളിച്ചു.ഏറെ സമയവും പന്ത് അയാക്‌സ് താരങ്ങളുടെ കാലുകളിലായിരുന്നു. എന്നിരുന്നാലും അവര്‍ക്ക് ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. പോരാട്ടം ശക്തമാക്കാന്‍ കാസ്പര്‍ ഡോള്‍ബര്‍ഗിനു പകരം പീറ്റര്‍ ബോസിനെ ഇറക്കിയെങ്കിലും ഫലം കണ്ടില്ല. ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മാനേജര്‍ ജോസ് മൗറീഞ്ഞോ പറഞ്ഞു. 2003 മൗറീഞ്ഞോ പോര്‍ട്ടോയ്‌ക്കൊപ്പം ഈ ട്രോഫി നേടിയിട്ടുണ്ട്. 1996 ല്‍ ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനോട് തോറ്റശേഷം ഇതാദ്യമായാണ് അയാക്‌സ് ഒരു യുറോപ്യന്‍ ഫൈനലിലെത്തുന്നത്. മാഞ്ചസ്റ്റര്‍ അരീനയില്‍ ഭീകരാക്രമണത്തില്‍ മരിച്ചവരോടുളള ആദരസൂചകമായി ഒരു മിനിറ്റ് മൗനാചരണത്തിനുഷേശമാണ് മത്സരം ആരംഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.