കേന്ദ്രവിഹിതം വാങ്ങിയെടുക്കുന്നതില്‍ വീഴ്ച്ച സമ്മതിച്ച് മുഖ്യമന്ത്രി

Thursday 25 May 2017 9:36 pm IST

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നേടുന്നതിലും കേന്ദ്രവിഹിതം വാങ്ങിയെടുക്കുന്നതിലും വീഴ്ചയുണ്ടെന്നത് ശരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വീഴ്ച്ച മുന്‍സര്‍ക്കാരിനാണെന്നും മുഖ്യമന്ത്രി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിനും നിരീക്ഷണത്തിനുമായി പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തും. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ട കൂലി കുടിശ്ശിക കേന്ദ്രസര്‍ക്കാറില്‍ നിന്ന് ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ മറ്റുക്രമീകരണങ്ങളുണ്ടാക്കും. ബദല്‍ മാര്‍ഗം എങ്ങനെ വേണമെന്ന് ധനവകുപ്പ് തീരുമാനിക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണത്തിലും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതിലും കാലതാമസമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച്ച സംഭവിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രപദ്ധതികള്‍ നേടിയെടുക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ വേണമെന്നും പദ്ധതി നിര്‍വഹണം നിരീക്ഷിക്കാന്‍ ദല്‍ഹി കേന്ദ്രീകരിച്ച് പ്രത്യേക സെല്‍ സ്ഥാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാനും ബന്ധപ്പെട്ട രേഖകള്‍ യഥാസമയം സമര്‍പ്പിക്കുന്നതിനുമായി വെബ് അധിഷ്ഠിത സംവിധാനം വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രവിഹിതം ചെലവഴിക്കുന്നതിന്റെ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് അടക്കം കൃത്യസമയത്ത് നല്‍കാനും ഇതില്‍ ക്രമീകരണമുണ്ടാകും. 2016-17 സാമ്പത്തിക വര്‍ഷം കേന്ദ്രപദ്ധതി വിഹിതം ലഭ്യമാകുമെന്ന് കരുതി ബജറ്റില്‍ വകയിരുത്തിയത് 6534 കോടി രൂപയായിരുന്നെങ്കില്‍ 6806 കോടി രൂപ ഇതിനകം ചെലവിട്ടു. മുന്‍ വര്‍ഷങ്ങളില്‍ വകയിരുത്തിയ പണം പൂര്‍ണ്ണമായി ചെലവഴിക്കാത്ത സാഹചര്യമാണുണ്ടായിരുന്നത്. 2015-16ല്‍ 7720 കോടി രൂപ വകയിരുത്തിയെങ്കിലും 3731 കോടി രൂപയെ ചെലവിട്ടുള്ളൂ. 2014-15ല്‍ 2762 കോടി രൂപയില്‍ ചെലവഴിച്ചത് 1565 കോടിയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ വീഴ്ച്ചയ്ക്ക് ഉത്തരവാദി യു ഡി എഫ് സര്‍ക്കാറാണ്. കേരളത്തിന് സ്വീകാര്യമല്ലാത്ത പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നിര്‍ദേശം സമര്‍പ്പിക്കാതെയും അനുവദിച്ച തുക ചെലവിടാതെയും കേന്ദ്രസഹായം നഷ്ടപ്പെടുത്തുകയാണെന്ന് അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയ കെ.മുരളീധരന്‍ ആരോപിച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പിന് പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.