ജാഫര്‍ ഷെരീഫിനെതിരായ അഴിമതിക്കേസ് സുപ്രീംകോടതി സ്റ്റേ ചെയ്തു

Wednesday 4 July 2012 4:54 pm IST

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രി ജാഫര്‍ ഷെരീഫിനെതിരായ അഴിമതിക്കേസിലെ തുടര്‍നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്‌തു. കേസില്‍ സി.ബി.ഐയ്ക്ക്‌ നോട്ടീസ്‌ അയയ്ക്കാനും ജസ്റ്റീസ്‌ പി.എസ്‌.സദാശിവം അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാനാണ്‌ സി.ബി.ഐയോട്‌ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. 1998-ലെടുത്ത അഴിമതിക്കേസിലാണ് ഇദ്ദേഹം വിചാരണ നേരിടുന്നത്. മന്ത്രിയായിരിക്കെ 1995ല്‍ ചികിത്സാര്‍ത്ഥം ലണ്ടനിലേക്ക്‌ പോയ ജാഫര്‍ ഷെരീഫ്‌ തന്റെ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി ബി.എന്‍.നാഗേഷ്‌, സ്റ്റെനോ എസ്‌.എം.മസ്താന്‍, വി.മുരളീധന്‍, ഡ്രൈവര്‍ സമൗല്ല എന്നിവരെ കൂടെ കൊണ്ടുപോയതിലൂടെ ഖജനാവിന്‌ ഏഴു ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ്‌ കേസ്‌. കേസന്വേഷിച്ച സി.ബി. ഐ ഷെരീഫിനെതിരായ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് കൊടുത്തെങ്കിലും പ്രത്യേക കോടതി അംഗീകരിച്ചില്ല. ഷെരീഫിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ച പ്രത്യേകകോടതി വിധിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. പ്രോസിക്യൂഷന് അനുമതി ലഭിക്കാത്തതിനെ ത്തുടര്‍ന്നാണ് സി.ബി.ഐ കേസ് അവസാനിപ്പിച്ചത്. എന്നാല്‍, വിചാരണക്കോടതി അതു വകവയ്ക്കാതെ മുന്നോട്ടുപോവുകയായിരുന്നു. അഴിമതിനിരോധന നിയമപ്രകാരം അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദല്‍ഹി ഹൈക്കോടതിയും ഹര്‍ജി തള്ളിയത്. കേസില്‍ ബുധനാഴ്ച സി.ബി.ഐ ഷെരീഫിനെതിരെ കുറ്റം ചുമത്തിയിരുന്നു. വിദേശ യാത്രകളില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ കൂടെ കൂട്ടാന്‍ അവകാശമുണ്ടെന്ന്‌ വ്യക്തമാക്കുന്ന രേഖകള്‍ ഷെരീഫിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.