പിണറായി എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്നു: കുമ്മനം

Thursday 25 May 2017 4:16 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ നേട്ടങ്ങള്‍ എന്ന പേരില്‍ വ്യാജ പരസ്യം നല്‍കേണ്ട ഗതികേടിലാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. നവകേരളത്തിന്റെ ഒന്നാം വാര്‍ഷികം എന്ന പേരില്‍ മാധ്യമങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടമായി നല്‍കിയതില്‍ ഭൂരിഭാഗവും കേന്ദ്രസര്‍ക്കാര്‍ പദ്ധതികളാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ മേഖലകളിലെ ഭരണനേട്ടം എണ്ണിപ്പറയുന്ന സര്‍ക്കാര്‍ സംസ്ഥാനത്തെ ക്രമസമാധാനത്തെപ്പറ്റി മൗനം പാലിക്കുകയാണ്. ക്രമസമാധാനം തകരാറിലാണെന്ന് സര്‍ക്കാരിന് തന്നെ ഉറപ്പുള്ളതു കൊണ്ടാണ് ഇത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന കൊച്ചി മെട്രോ, ദേശീയപാത വികസനം, ദേശീയ ജലപാത, ശബരിമല വികസനം, ഗെയില്‍, വിഴിഞ്ഞം എന്നിവയൊക്കെ സ്വന്തം നേട്ടമായി ചിത്രീകരിക്കുന്ന പിണറായി എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മിപ്പിക്കുന്നു. പദ്ധതികളൊക്കെ നടപ്പാക്കുമെന്ന വാഗ്ദാനം മാത്രമാണ് പരസ്യത്തില്‍ ഉള്ളത്. അല്ലാതെ ചെയ്ത കാര്യങ്ങളെപ്പറ്റി പരാമര്‍ശമില്ല. സര്‍ക്കാര്‍ ചെലവില്‍ ഇടതുമുന്നണി പ്രകടനപത്രിക ഒരിക്കല്‍ കൂടി പുറത്തിറക്കുകയാണ് ചെയ്തത്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് കിട്ടുന്ന പണത്തെപ്പറ്റിയും അതിന്റെ വിനിയോഗത്തെപ്പറ്റിയും സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണം. പ്രധാനമന്ത്രി ആവാസ് യോജനയാണ് ലൈഫ് എന്ന പേരില്‍ ഭവന പദ്ധതിയായി അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാരിന്റേതായി പുറത്തിറക്കിയ പരസ്യവാചകം പോലും കേന്ദ്രസര്‍ക്കാരിന്റേതാണ്. 'നമുക്കൊരുമിച്ച് മുന്നേറാം സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന' വാചകം 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന പ്രയോഗത്തിന്റെ തര്‍ജമയാണ്. രണ്ടു ലക്ഷം ക്ഷീര കര്‍ഷകര്‍ക്ക് പന്ത്രണ്ടര ലക്ഷം കോടി രൂപ സബ്‌സിഡി നല്‍കിയെന്ന അവകാശവാദം അംഗീകരിക്കാനാവില്ല. അത്തരമൊരു കണക്ക് എവിടെനിന്ന് ഉണ്ടായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്തരത്തില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പൊതു പണം വിനിയോഗിച്ചത് കടന്ന കൈയാണ്. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഇപ്പോള്‍ രഹസ്യ ബന്ധമാണുള്ളത്. അത് ഉടന്‍ പരസ്യമാകുമെന്നാണ് നേതാക്കളുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പയ്യന്നൂര്‍ ബിജു വധത്തിനു ശേഷം ആഹ്‌ളാദപ്രകടനം നടത്തിയവരുടെ വീഡിയോ പരസ്യമാക്കിയ സംഭവത്തില്‍ സാക്ഷിയാക്കേണ്ട തന്നെ പ്രതിയാക്കിയത് എന്താണെന്ന് അറിയില്ല. സംഭവുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാക്കാന്‍ തയ്യാറാണ്. പ്രതികളെ ചോദ്യം ചെയ്യാന്‍ തയ്യാറാകാതെ സാക്ഷിയായ തന്നെ അറസ്റ്റ് ചെയ്യാനാണ് ശ്രമം. ഇക്കാര്യത്തില്‍ എന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.