മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത

Thursday 25 May 2017 9:56 pm IST

തൊടുപുഴ: എച്ച് 1 എന്‍ 1, ഡെങ്കിപ്പനി, എലിപ്പനി എന്നിവയുള്‍പ്പെടെയുള്ള പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ആരോഗ്യ വകുപ്പധികൃതര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പകര്‍ച്ചപ്പനികള്‍ വര്‍ദ്ധിച്ചു വരുന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. സര്‍ക്കാര്‍  സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പനിക്കെതിരേ രോഗ നിര്‍ണ്ണയ ജാഗ്രത പാലിക്കേണ്ടതും നിലവിലുള്ള മാര്‍ഗരേഖകള്‍ പ്രകാരം ചികിത്സിക്കേണ്ടതുമാണ്. ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയുടെ സാഹചര്യം ഇപ്പോഴില്ല. ജലദോഷപ്പനികള്‍, ചുമ, തൊണ്ടവേദന, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളുള്ള രോഗികള്‍ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തേണ്ടതാണ്. രോഗം പടരാതിരിക്കാനുള്ള സാഹചര്യം ആരോഗ്യ വകുപ്പധികൃതരും രോഗിയും പാലിക്കേണ്ടതാണ്. പനിയും അനുബന്ധ അസുഖങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ആര്‍ രേഖ ആവശ്യപ്പെട്ടു. പരിസരശുചിത്യവും വ്യക്തി ശുചിത്യവും പാലിക്കണം. തൊടുപുഴയിലെ ജില്ലാ ആശുപത്രി ഫിസിഷ്യന്‍ ഡോ. സിജോ കുഞ്ഞച്ചന്‍, മാസ് മീഡിയാ ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ഒരു മരണം തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഇതുവരെ നാല് പേര്‍ക്ക് എച്ച് 1 എന്‍ 1 ബാധയേറ്റതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതില്‍ മാങ്കുളം സ്വദേശിയായ ഒരാള്‍ മരിച്ചു. കുമാരമംഗലം, കുമളി, കാഞ്ചിയാര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് എച്ച് 1 എന്‍ 1 ബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാവരും രോഗബാധയെ തരണം ചെയ്തതായും ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.