തൊഴിലുറപ്പ് പദ്ധതി: കുടിശിക തേടി പ്രമേയം

Thursday 25 May 2017 10:07 pm IST

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ ലഭിക്കേണ്ട കുടിശികയായ 683.39 കോടി രൂപയും നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയും കേന്ദ്രസര്‍ക്കാര്‍ കാലതാമസമില്ലാതെ നല്‍കണമെന്ന് നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രമേയം തദ്ദേശ മന്ത്രി കെ.ടി. ജലീല്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തു നിന്നും കെ.സി. ജോസഫ്, പി.ടി. തോമസ്, അനില്‍ അക്കര എന്നിവര്‍ ഭേദഗതി നിര്‍ദേശിച്ചെങ്കിലും പരിഗണിച്ചില്ല. 2016-17 സാമ്പത്തിക വര്‍ഷം അര്‍ഹമായ കൂലിയിനത്തില്‍ ലഭിക്കേണ്ട 2146.05 കോടിയില്‍ 1386.70 കോടിരൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചു നല്‍കിയിട്ടുള്ളൂവെന്ന് പ്രമേയത്തില്‍ പറയുന്നു. 2016 നവംബര്‍ മുതല്‍ 2017 മാര്‍ച്ച് 31 വരെ 759.35 കോടിരൂപയാണ് കുടിശികയായി ഉണ്ടായിരുന്നത്. 2017 ഏപ്രിലില്‍ 122.83 കോടി മാത്രമാണ് അനുവദിച്ചത്. 2017-18 സാമ്പത്തിക വര്‍ഷം കൂലി ഇനത്തില്‍ ലഭിക്കേണ്ട 46.87 കോടിരൂപയും, കഴിഞ്ഞ വര്‍ഷത്തെ ബാക്കിയായ 636.52 കോടിയും ചേര്‍ത്ത് 683.39 കോടിയാണ് കുടിശിക. ഇതു കൂടാതെ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് അനുവദിക്കപ്പെട്ട 4.5 കോടി തൊഴില്‍ ദിനങ്ങള്‍ക്ക് ആനുപാതികമായി മുന്‍കൂര്‍ ലഭിക്കേണ്ട തുകയും അനുവദിക്കപ്പെട്ടിട്ടില്ല. 2016-17 വര്‍ഷത്തെ കുടിശിക തുകയും 2017-18 വര്‍ഷത്തെ മുന്‍കൂര്‍ തുകയുമടക്കം 122.83 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചതെന്നും പ്രമേയത്തില്‍ പറയുന്നു. എന്നാല്‍ കേന്ദ്രം ആവശ്യപ്പെട്ട മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്ന് പി.ടി.തോമസ് ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് പദ്ധതിക്ക് മിഷന്‍ ഡയറക്ടറില്ല. സ്വതന്ത്ര സോഷ്യല്‍ ഓഡിറ്റിംഗ് ടീമിനെ നിയമിച്ചില്ല. ദിശ മീറ്റിംഗുകളുടെ വിവരങ്ങള്‍ അറിയിച്ചില്ല. താഴെ തലം വരെയുള്ള പരിശോധനാ റിപ്പോര്‍ട്ടുകള്‍ കൊടുത്തില്ല. 30 ശതമാനം തുക മെറ്റിരീയില്‍ കംപോണന്റ് ഇനത്തില്‍ മാറ്റണമെന്ന മാനദണ്ഡവും പാലിക്കാത്തതാണ് തുക ലഭിക്കാന്‍ തടസമായതെന്ന് പി.ടി.തോമസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.