ഇടുക്കി: വേനല്‍മഴ ശക്തമായതോടെ ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കൂട്ടി. ഇന്നലെ ലഭിച്ച കണക്ക് പ്രകാരം ബുധനാഴ്ച 7.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റത്തെ പവര്‍ഹൗസില്‍ ഉത്പാദിപ്പിച്ചത്.
ചൊവ്വാഴ്ച ഇത് 3.778 ദശലക്ഷം യൂണിറ്റായിരുന്നു. മഴക്കാലം എത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ ജില്ലയില്‍ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. ബുധനാഴ്ച ഇടുക്കി പദ്ധതി പ്രദേശത്ത് 1.06 സെന്റി മീറ്ററും മാട്ടുപ്പെട്ടിയില്‍ 4 സെന്റിമീറ്ററും മഴ രേഖപ്പെടുത്തി.
ഇടുക്കിയില്‍ 11.852 ശതമാനമാണ് ജലനിരപ്പ്, 2302.38 അടി.
കഴിഞ്ഞ വര്‍ഷം ഇതേ സമയം ഇത് 2316.36 അടി ആയിരുന്നു 1.4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനാവശ്യമായ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി. ഡാമില്‍ ഇനി 254.57 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളമുണ്ട്. ബുധനാഴ്ച സംസ്ഥാനത്താകെ 70.8417 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചപ്പോള്‍ 17.1941 ദശലക്ഷം യൂണിറ്റാണ് ഇവിടെ ഉത്പാദിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: