സിപിഎമ്മിന്റെ അക്രമം കണ്ണൂര്‍ മോഡല്‍തന്നെ

Friday 26 May 2017 12:19 pm IST

ചവറ: ചവറയില്‍ സിപിഎമ്മിന്റെ അക്രമങ്ങള്‍ കണ്ണൂര്‍ മോഡല്‍ തന്നെ. പ്രതിപക്ഷനേതാക്കള്‍ക്കും വീടുകള്‍ക്കും നേരെയും അക്രമം വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം നീണ്ടകരയില്‍ ആര്‍എസ്പി സംസ്ഥാനകമ്മറ്റിയംഗവും ചവറ മണ്ഡലം കമ്മറ്റി ആക്ടിങ് സെക്രട്ടറിയുമായ നീണ്ടകര കസ്പ പുരയിടത്തില്‍ ജെസ്റ്റിന്‍ജോണിന്റെ വീടിനുനേരെ സിപിഎം പട്ടാപകല്‍ അക്രമം നടത്തി. വീട്ടുപകരണങ്ങളും വാഹനങ്ങളും തകര്‍ത്തു. കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം വീട്ടില്‍ അതിക്രമിച്ച് കടക്കുകയും ജെസ്റ്റിന്റെ മാതാവ് ഡെയ്‌സിയെ മാരകായുധം കാണിച്ച് ഭീഷണിപെടുത്തുകയും ചെയ്തു. ഇവര്‍ വീടിന്റെ പിന്നിലെ വാതിലൂടെ ഓടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. വീട്ടുപകരണങ്ങളും കാര്‍പോര്‍ച്ചിലിരുന്ന ബൈക്കും സൈക്കിളും സിപിഎം അക്രമികള്‍ തകര്‍ത്തു. രണ്ടുദിവസം മുമ്പ് കൊട്ടുകാടില്‍ മറ്റൊരു ആര്‍എസ്പി നേതാവിന്റെ വീട്ടിലും സമാനസംഭവം നടന്നു. വീടിന്റെ മതില്‍ തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിതകര്‍ക്കുകയും ചെയ്തു. അടുത്തിടെ ആര്‍വൈഎഫ് നേതാവ് മനോജിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവവും നടന്നിരുന്നു. ആര്‍എസ്പി മുന്നണി വിട്ട് യുഡിഎഫില്‍ ചേര്‍ന്നതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പ്രദേശത്ത് ഭീതി പരത്തി ആര്‍എസ്പി അണികളെ സിപിഎം പാളയത്തിലേക്ക് എത്തിക്കുകയാണ് അക്രമത്തിന്റെ ലക്ഷ്യം. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിക്കുന്നതിന് പിന്നിലും സിപിഎമ്മിന്റെ ഇതേ ഗൂഡലക്ഷ്യമാണ്. ചവറയില്‍ സിപിഎം നേതാക്കളുടെ ആജ്ഞാനുസരണമാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. അക്രമം നടന്ന് ദിവസങ്ങള്‍ പിന്നിട്ടാലും കേസ് എടുക്കാനോ പ്രതികളെ പിടികൂടാനോ പോലീസ് ശ്രമിക്കാറില്ല. പ്രതിഷേധം ശക്തമാകുമ്പോള്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സിപിഎം നിര്‍ദേശിക്കുന്നവരെ പ്രതിചേര്‍ത്ത് സ്റ്റേഷനില്‍ നിന്നും ജാമ്യം നല്‍കി വിട്ടയക്കുന്ന പ്രവണതയാണുള്ളത്. യഥാര്‍ത്ഥ അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് നടപടി സ്വീകരിക്കാത്തതിനാല്‍ ചവറയില്‍ അക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതായാണ് കണക്ക്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.