സ്‌കൂള്‍ വിപണി സജീവം; വൈവിദ്ധ്യങ്ങളാല്‍ സമൃദ്ധം

Friday 26 May 2017 6:29 pm IST

കണ്ണൂര്‍: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ വിപണി സജീവമായി. ബാഗും കുടയും യൂനിഫോമുകളും ചെരിപ്പും, ഷൂസും വാങ്ങാനുളളവരുടെ വന്‍തിരക്കാണ് കടകളില്‍ അനുഭവപ്പെടുന്നത്. ബാഗുള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ സാധനങ്ങള്‍ക്കെല്ലാം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടുതലാണ്. ഒരേ സാധനങ്ങല്‍ക്ക് തന്നെ തോന്നിയ വിലയാണ് പല കടകളിലും ഈടാക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന വൈവിദ്ധ്യങ്ങളായ മോഡലുകളിലുളള വസ്തുക്കളാണ് ഇത്തവണ സ്‌ക്കൂള്‍ വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ബാഗ്, കുട, നോട്ട് ബുക്ക്, പെന്‍സില്‍, പേന, ബോക്‌സ്, ലഞ്ച് ബോക്‌സ് തുടങ്ങിയവയിലെല്ലാം വിത്യസ്തതകളോടെയാണ് വിപണിയിലെത്തിയിട്ടുളളത്. ബോക്‌സോഫീസ് കളക്ഷനുകളില്‍ തരംഗമായ ബാഹുബലിയും പുലിമുരുകനുമെല്ലാമാണ്് ബാഗിലും കുടയിലും നിറഞ്ഞു നില്‍ക്കുന്നത്. പതിവുപോലെ കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ ബെന്‍ടെന്‍, സ്‌പൈഡര്‍മാന്‍, മിക്കിമൗസ്, ബാര്‍ബി ഡോള്‍ തുടങ്ങിയവയും ഇതൊടൊപ്പം വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ട്. കമ്പനി ബാഗുകള്‍ക്കൊപ്പം വിവിധ ആകൃതിയിലും നിറങ്ങളിലുമുളള ചൈനീസ് ബാഗുകളും ലഭ്യമാണ്. കമ്പനി ബാഗുകള്‍ക്ക് ആയിരം രൂപ മുതല്‍ 3000 രൂപ വരെ നല്‍കണം. പുതുമയാര്‍ന്ന സ്‌കൂള്‍ ട്രോളി ബാഗുകളും ഇത്തവണ വിപണിയിലുണ്ട്. ഇവയ്ക്ക് വില കൂടുതലാണ്. ചൈനീസ് ബാഗുകള്‍ 250 രൂപ മുതല്‍ ലഭ്യമാണ്. പ്രാദേശികമായി നിര്‍മ്മിക്കുന്ന ബാഗുകളും വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. ചില ബാഗുകള്‍ക്ക് ആറു മാസം സൗജന്യ സര്‍വീസ് വാറന്റിയും നല്‍കുന്നുണ്ട്. 150 രൂപയ്ക്ക് മുകളിലാണ് സാധാരണ കുടകളുടെ വില. പ്രധാന കമ്പനികള്‍ക്കൊപ്പം ചെറുകമ്പനികളും ചൈനീസ് ഉത്പ്പന്നങ്ങളും വിപണിയിലുണ്ട്. കുട നിര്‍മ്മാണത്തില്‍ പ്രമുഖ കമ്പനികളായ പോപ്പിയും ജോണ്‍സും ദിനേശും വിവിധ തരത്തിലുള്ള കുടകളാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം ആലേഖനം ചെയ്ത കുടകളാണ് ചെറിയ കുട്ടികളെ കൂടുതലായും ആകര്‍ഷിക്കുന്നത്. 180 രൂപ മുതല്‍ 2200 രൂപ വരെയുള്ള സ്‌കൂള്‍ ബാഗുകള്‍ വിപണിയിലുണ്ട്. പരസ്യം കണ്ടു കുട്ടികള്‍ തങ്ങള്‍ക്ക് ആവശ്യമുള്ള ബാഗുകള്‍ ഏതാണെന്നു നേരത്തെ തന്നെ തീരുമാനിച്ചാണ് കടയിലെത്തുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. ചില കടകള്‍ ബാഗിനൊപ്പം കുട്ടികള്‍ക്കാവശ്യമായ പുസ്തകം പൊതിയാനുള്ള കടലാസ്, പേന തുടങ്ങിയ മറ്റുപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന ഓഫറുകളും ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ യൂനിഫോം സൗജന്യമായി ലഭിക്കുമെങ്കിലും പല അണ്‍ എയ്ഡഡ് സ്‌കൂളുകളിലും യൂനിഫോമുകള്‍ക്ക് പൊതു വിപണിയെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ യൂണിഫോം വിപണിയിലും അത്യാവശ്യം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഷൂ-ചെരിപ്പ് വിപണിയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. 190 രൂപ മുതല്‍ മുകളിലേക്കാണു സ്‌കൂള്‍ ഷൂസിന്റെ വില. ലഞ്ച് ബോക്‌സ,് സ്‌നാക്‌സ് കൊണ്ടു പോകാനുളള കിറ്റ്, വെളളം കൊണ്ടു പോകാനുളള ബോട്ടലുകള്‍ തുടങ്ങിയെല്ലാ ഇനങ്ങളും വൈവിദ്ധ്യങ്ങളോടെയാണ് സ്‌ക്കൂള്‍ വിപിണിയില്‍ ഇത്തവണ സ്ഥാനം പിടിച്ചിരിക്കുന്നത്. നോട്ട് ബുക്കുകള്‍ക്ക് തോന്നിയ വിലയാണ് വിപണിയില്‍ ഈടാക്കുന്നത്. 200 പേജ് ബുക്കിന് 40, 50 രൂപവരെ ഈടാക്കുന്നുണ്ട്. സ്‌ക്കൂള്‍ തുറക്കാനുളള ദിവസങ്ങള്‍ അടുത്തിരിക്കെ വരും ദിവസങ്ങളില്‍ വിപണി കൂടുതല്‍ സജീവമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.