'സിമി 'യുടെ പ്രചാരം സംസ്ഥാനത്ത്‌ സജീവം

Wednesday 4 July 2012 10:40 pm IST

തിരുവനന്തപുരം: നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ 'സിമി'യുടെ പ്രവര്‍ത്തകര്‍ മറ്റുചില സംഘടനകളിലൂടെ സിമിയുടെ ആശയങ്ങളും ഉദ്ദേശ്യങ്ങളും പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. 'സിമി'യുടെ പ്രവര്‍ത്തനം നിരോധിച്ചതിനാല്‍ ആ സംഘടനയുടെ പേരില്‍ ഇപ്പോള്‍ പ്രവര്‍ത്തനമില്ല. മുന്‍ 'സിമി' പ്രവര്‍ത്തകരുടെ പ്രവര്‍ത്തനരീതിയെക്കുറിച്ച്‌ സംസ്ഥാന ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം സസൂക്ഷ്മം വീക്ഷിക്കുകയാണ്‌. വേഷം മാറി പലവിധത്തില്‍ സിമി പ്രവര്‍ത്തിക്കുന്നു.
സിമിയുടെ നിരോധനം തുടരണമെന്ന്‌ തിരുവനന്തപുരത്ത്‌ കേന്ദ്ര ട്രിബ്യൂണല്‍ സിറ്റിംഗ്‌ നടത്തിയപ്പോള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. സദാചാര പോലീസെന്ന പേരില്‍ സിമിയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നതായി തെളിവില്ല. സദാചാര പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളാണ്‌. ഇതിനെ ശക്തമായി നേരിടും. സിമി വാഗമണില്‍ ക്യാമ്പു നടത്തിയ കേസടക്കം ഏഴു കേസുകള്‍ എന്‍ ഐ എക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭീകരവാദ സംഘടനകള്‍ അഞ്ചെണ്ണം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും ഇത്തരം സംഘടനകള്‍ പത്രം പോലും നടത്തുന്നതായി കേന്ദ്രആഭ്യന്തര മന്ത്രി പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സംഘടനകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കണമെന്നും കോടിയേരി സഭയില്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പുറത്തു പറയാവുന്നതും പറയാന്‍ പറ്റാത്തതുമായ കാര്യങ്ങള്‍ ഉണ്ടെന്ന്‌ ആഭ്യന്തര മന്ത്രിപറഞ്ഞു. പുറത്തുപറയാവുന്ന കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയെന്ന്‌ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ നിര്‍ദേശിച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്‍ ഐ എ നോക്കികൊള്ളുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത്‌ എല്ലാ പോലീസുകാര്‍ക്കും നീന്തല്‍ പരിശീലനം നിര്‍ബന്ധമാക്കണമെന്നാണ്‌ സര്‍ക്കാര്‍ തീരുമാനം. തീരദേശ സുരക്ഷയ്ക്കായി 24 തീരദേശ പോലീസ്‌ സ്റ്റേഷനുകള്‍ക്കാണ്‌ അനുമതി ലഭിച്ചിട്ടുള്ളത്‌. ഇതില്‍ എട്ടെണ്ണം പൂര്‍ത്തിയായി. പത്തെണ്ണം പ്രവര്‍ത്തനനടപടികളുമായി മുന്നോട്ടു പോകുകയാണ്‌. ഭൂമി ലഭിക്കാനുള്ള സൗകര്യക്കുറവാണ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പരിമിതി. ഭൂമിക്കായി റവന്യൂ വകുപ്പുമായി ചര്‍ച്ച നടത്തും. എല്ലാ തീരദേശ സ്റ്റേഷനുകള്‍ക്കും റസ്ക്യൂ ബോട്ട്‌ ലഭ്യമാക്കും. നിലവിലെ സുരക്ഷാ പ്രശ്നങ്ങള്‍ തീരദേശ സേനയ്ക്കു തന്നെ കൈകാര്യം ചെയ്യാവുന്നതാണ്‌.
സംസ്ഥാനത്ത്‌ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ പ്രതികളായ 1029 കേസുകള്‍ നിലവിലുണ്ട്‌. 302 ഐപിസി പ്രകാരമുള്ള 18 കേസുകള്‍ നിലവിലുണ്ട്‌. സംസ്ഥാനത്ത്‌ വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന 78 പോലീസ്‌ സ്റ്റേഷനുകളുണ്ട്‌. ഒരു വര്‍ഷം 54,21,517 രൂപ വാടകയിനത്തില്‍ ചെലവുണ്ട്‌.
സൈബര്‍ കുറ്റകൃത്യങ്ങളില്‍ കൂടുതലും പണംതട്ടിപ്പുമായി ബന്ധപ്പെട്ടതാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. 2010 ല്‍ ഇത്തരത്തിലുള്ള 24 കേസുകളും 2011 ല്‍ 37 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌. വെബ്സൈറ്റ്‌ ഹാക്ക്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ 2010 ല്‍ അഞ്ചും 2011 ല്‍ 15 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്‌.
മൊബെയില്‍ ഫോണ്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 25 വരെ 72 എണ്ണം രജിസ്റ്റര്‍ ചെയ്തു. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിന്‌ നിലവിലുള്ള സൈബര്‍ സംവിധാനം അപര്യാപ്തമാണെന്നും മന്ത്രി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.