അരൂരിലും മുഹമ്മയിലും മഴയിലും കാറ്റിലും വ്യാപകനാശം

Friday 26 May 2017 9:23 pm IST

അരൂര്‍/മുഹമ്മ: അരൂരില്‍ ഉണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിവെട്ടിലും പരക്കേ നാശനഷ്ടം. അരൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചന്തിരൂര്‍ കിഴക്കേ തറേപറമ്പില്‍ പരേതനായ രഘുവിന്റെ വീടിനു സമീപത്തെ പുളിമരം വീണ് വീടു തകര്‍ന്നു. വീട്ടില്‍ മണി രഘുവും മകന്റെ കുടുംബവുമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ ദുരന്തം ഒഴിവായി. വ്യാഴാഴ്ച രാത്രി പതിനൊന്നിനാണ് പുളി വീണത്. പഴക്കംചെന്ന ഓടു മേഞ്ഞ വീടായിരുന്നു. സമീപത്തു നിന്നിരുന്ന കായ്ഫലമുള്ള ഒരു തെങ്ങും ഒടിച്ചാണ് പുളി വീടിന്റെ പുറത്തു വീണത്. സംഭവ സ്ഥലം അരൂര്‍ വില്ലേജ് ഓഫീസര്‍ ടി.എ. സക്കറിയ സന്ദര്‍ശിച്ചു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അടുത്ത പഞ്ചായത്ത് വിഹിതത്തില്‍ ഉള്‍പ്പെടുത്തി ഇവര്‍ക്ക് പുതിയ വീട്‌വച്ചു നല്‍കാന്‍ നടപടിയെടുക്കുമെന്ന് പഞ്ചായത്തംഗം സി.കെ. പുഷ്പന്‍ പറഞ്ഞു. 13-ാം വാര്‍ഡില്‍ വൈദ്യുതി ലൈനില്‍ തെങ്ങ് വീണ് പോസ്റ്റ് മറിഞ്ഞുവീണു. ഇതുമൂലം പ്രദേശത്ത് മണിക്കൂറുകളോളം സമയം വൈദ്യുതിബന്ധം താറുമാറായി. മരങ്ങള്‍ വീണ് അരൂരിലെ പലസ്ഥലങ്ങളിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മുഹമ്മയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുടെ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മുക്കാച്ചിറയില്‍ വിദ്യാനന്ദന്റെ വീടാണ് തകര്‍ന്നത്. ശബ്ദം കേട്ട് വിദ്യാനന്ദനും ഭാര്യ രമണിയും മകള്‍ ബിന്ദുവും വീടിന് പുറത്തേക്ക് ഓടിയതിനാല്‍ ദുരന്തം ഒഴിവായി. സമീപത്തെ വീട്ടിലാണ് രാത്രി മൂവരും കഴിഞ്ഞ് കൂടിയത്. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. നാലു മുറികളുടെ മേല്‍ക്കൂര നശിച്ചു.വൈദ്യുതി ബന്ധവും താറുമാറായി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അധികൃതര്‍ സ്ഥലത്തെത്തി നാശനഷ്ടങ്ങളുടെ കണക്കെടുത്തു. ഒരു പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ചതാണ് തകര്‍ന്ന വീട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.