ഏറ്റെടുക്കാതെ കയ്യേറ്റം ഒഴിപ്പിച്ച ഭൂമി

Friday 26 May 2017 9:29 pm IST

കൊടകര: നിയമ നടപടികളിലൂടെയും പൊതു പങ്കാളിത്തത്തിലൂടെയും റോഡ് കയ്യേറ്റം ഒഴിപ്പിച്ച കൊടകര-വെള്ളിക്കുളങ്ങര പിഡബ്ല്യുഡി റോഡിന്റെ ഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുക്കാതെ ഒഴിഞ്ഞുമാറുന്നതായി പരാതി. വിവിധയിടങ്ങളിലായി നാല് ഏക്കര്‍ 37 സെന്റ് ഭൂമി റോഡ് കയ്യേറ്റം ഒഴിപ്പിച്ചെങ്കിലും അത് റോഡിന്റെ ഭാഗമാക്കാനോ സംരക്ഷിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. പലയിടങ്ങളിലും കയ്യേറിയതായി മഞ്ഞപെയിന്റുകൊണ്ട് അടയാളപ്പെടുത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ പോയതിന്റെ പുറകെ അതെല്ലാം മാച്ചുകളഞ്ഞെന്നും ആക്ഷേപമുണ്ട്. കൊടകര-വെള്ളിക്കുളങ്ങര 12.5 കി.മീ റോഡിലെ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും കാന നിര്‍മിച്ചും കയ്യേറ്റഭൂമി റോഡിന്റെ ഭാഗമാക്കി തീര്‍ക്കാന്‍ കയ്യേറ്റഭൂമിയിലെ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കുവാനും അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് പുതുക്കാട് എംഎല്‍എ കൂടിയായ മന്ത്രി രവീന്ദ്രനാഥ് വഴി നിവേദനം നല്‍കിയത്. നിവേദനത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പൊതുമരാമത്ത് മന്ത്രിയോട് ആവശ്യപ്പെട്ടു. 2008ലാണ് റോഡ് കയ്യേറ്റം ഒഴിപ്പിച്ച് റോഡിലൂടെ അപകടരഹിതമായ യാത്രാ സൗകര്യം ഏര്‍പ്പെടുത്താന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണകേന്ദ്രം ലോകായുക്തയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. 2000-2004 കാലയളവില്‍ കൊടകര - വെള്ളിക്കുളങ്ങര റോഡ് നിര്‍മാണത്തിലെ അഴിമതിയും ക്രമക്കേടും അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് കൊടുത്ത പരാതിയിന്മേല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് വ്യാകമായി റോഡ് കയ്യേറ്റം കണ്ടെത്തിയത്. വാസുപുരം മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള 9 കി.മി ദൂരത്തില്‍ 2 ഏക്കര്‍ 66 സെന്റ് ഭൂമികൂടി കയ്യേറ്റം ഒഴിപ്പിച്ച് ഏറ്റെടുത്തെങ്കിലും ഇവിടെയും ഏറ്റെടുത്ത ഭൂമി റോഡിന്റെ ഭാഗമാക്കിയും ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും കാന നിര്‍മിച്ചും റോഡ് വീതികൂട്ടി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ച 20 കോടി രൂപ പോരാതെ വരുന്നതുകൊണ്ട് അധികപണം അനുവദിക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.