മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുന്നു: രാജഗോപാല്‍

Friday 26 May 2017 9:35 pm IST

തിരുവനന്തപുരം: തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ കുറ്റപ്പെടുത്തി. നിയമസഭയിലും സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിലും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി നല്‍കിയ വിശദീകരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കുന്നു എന്ന് പ്രചരിക്കുന്നുണ്ട്. സിപിഎം നേതാക്കള്‍ ഇത് ആവര്‍ത്തിക്കുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ സംസ്ഥാന മുഖ്യമന്ത്രി അസത്യം പ്രചരിപ്പിക്കുന്നത് ശരിയല്ലെന്ന് രാജഗോപാല്‍ ഓര്‍മ്മിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. 27,000 കോടിരൂപ അനുവദിച്ച സ്ഥാനത്ത് ഇന്ന് 48,500 കോടിയാണ്. പദ്ധതി നടത്തിപ്പിന് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ ഇപ്പോള്‍ കര്‍ശനമാക്കിയിട്ടുണ്ട്. പാവപ്പെട്ട തൊഴിലാളികള്‍ക്ക് നീക്കിവച്ച പണത്തില്‍ കൈയിട്ടു വാരുന്നതിനെ തടയുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനായി ഒരു അവഗണനയും ഇല്ലെന്ന് മാത്രമല്ല നല്ല പരിഗണനയാണ് നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ 100 ദിവസമാണ് ജോലിയെങ്കില്‍ ഇവിടെ 150 ദിവസമുണ്ട്. 240 രൂപയാണ് കൂലി. മറ്റ് സംസ്ഥാനങ്ങളില്‍ 129 രൂപമാത്രമാണ്. കേരളത്തിന് മാത്രമുള്ള പരിഗണന ലഭ്യമാക്കാന്‍ ശുഷ്‌കാന്തി കാട്ടുന്നതിനുപകരം കേന്ദ്രവിരുദ്ധ മനോഭാവം വളര്‍ത്തുന്നത് ജനദ്രോഹമാണെന്നും രാജഗോപാല്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.