കോട്ടയം: ജന്മഭൂമി ലെജന്‍ഡ്സ് ഓഫ് കേരള താരോത്സവത്തിന് മാറ്റേകാന്‍ നാളെ മലയാളത്തിന്റെ പ്രിയനടന് മധുവും തെന്നിന്ത്യന്‍ താരം രാധയും എത്തും. ഭാവാഭിനയ ചക്രവര്‍ത്തി മധു മലയാള സിനിമാ തറവാട്ടിലെ കാരണവരാണ്. ഒരു കാലഘട്ടത്തിന്റെ മഹാനടന്. അറുപതുകളിലും എഴുപതുകളിലും മധുവില്ലാത്ത മലയാള ചിത്രത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല.
2013ല്‍ പദ്മശ്രീ പുരസ്കാരം നല്കി രാഷ്ട്രം ആ മഹാപ്രതിഭയെ ആദരിച്ചു. ഇന്നും സിനിമയില്‍ സജീവമായ മധുവിന്റെ സാന്നിധ്യം താരോത്സവത്തിന് അനുഗ്രഹമാകും.
1980-90 കാലഘട്ടത്തില്‍ ദക്ഷിണേന്ത്യന്‍ സിനിമാരംഗം കീഴടക്കിയ താരറാണിയാണ് തിരുവനന്തപുരം സ്വദേശിനിയായ രാധ. സഹോദരി അംബികയും മലയാളികളുടെ പ്രിയ നടി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. അയിത്തം, ഇരകള്‍, രേവതിക്കൊരു പാവക്കുട്ടി തുടങ്ങി പല ചിത്രങ്ങളിലൂടെയും മലയാള സിനിമാസ്വാദകര്‍ക്കു മുന്നില്‍ അഭിനയത്തിന്റെ മികവു പ്രകടിപ്പിച്ച നടിയാണ് രാധ.
നാളെ വൈകിട്ട് അഞ്ചു മുതല്‍ കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറുന്ന മഹാമഹത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. ചലച്ചിത്ര സംവിധായകരും സാംസ്കാരിക പ്രവര്‍ത്തകരും കേന്ദ്ര, സംസ്ഥാന നേതാക്കളുമടക്കം പങ്കെടുക്കുന്ന പരിപാടി അക്ഷരനഗരം അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: