കൊച്ചി: മാധ്യമപ്രവര്‍ത്തകനായ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സി.ബി.ഐ സമര്‍പ്പിക്കുന്ന ആദ്യ കുറ്റപത്രമാണിത്.
അഞ്ച് പ്രതികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്. എം. നായരും എന്‍.എ. റഷീദും നാലും അഞ്ചും പ്രതികളാണ്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്ന പശ്ചാത്തലത്തില്‍ അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കുമെന്നു സി.ബി.ഐ കോടതിയില്‍ വ്യക്തമാക്കി.
2011 ഏപ്രില്‍ 14 നാണ്് ഉണ്ണിത്താന് ആക്രമിക്കപ്പെട്ടത്. പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ വാര്‍ത്ത നല്‍കിയതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം. സി.ബി.ഐയുടെ ചെന്നൈ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഡി.ഐ.ജി എസ്.ശ്രീജിത്ത് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്ന രണ്ടാമത്തെ കുറ്റപത്രം ഉടന്‍ തന്നെ സി.ബി.ഐ കോടതിയില്‍ സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: