കുരുക്കൊഴിയാതെ കട്ടപ്പന

Saturday 27 May 2017 9:05 pm IST

കട്ടപ്പന: മൂന്ന് ബസ് സ്റ്റാന്‍ഡുകള്‍ പ്രവര്‍ത്തന ക്ഷമമായിട്ടും ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ മൂന്ന് സ്റ്റാന്‍ഡുകളാണ് ടൗണിലുള്ളത്. അനധികൃത പാര്‍ക്കിങ്ങും അശാസ്ത്രീയ ഗതാഗത പരിഷ്‌ക്കാരവും ടൗണിനെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ പ്രശ്‌ന പരിഹാരം അകലെയാണ്. പരീക്ഷണാടിസ്ഥാനത്തില്‍  നടപ്പാക്കിയ ഗതാഗത പരിഷ്‌കരണത്തില്‍ പിന്നീട് മാറ്റം വരുത്തിയിട്ടില്ല. സെന്‍ട്രല്‍ ജങ്ഷന്‍, മാര്‍ക്കറ്റ് ജങ്ഷന്‍, കുന്തളംപാറ റോഡ് എന്നിവിടങ്ങള്‍ സദാസമയവും കുരുക്കിലാണ്. തിരക്കുള്ള ഭാഗങ്ങളില്‍ പോലും അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതാണ് ടൗണിന്റെ ശാപം. ഇടശേരി റോഡ് ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ഇരുവശവും നിയമവിരുദ്ധമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഗുരുമന്ദിരം റോഡിലും സ്ഥിതി ഭിന്നമല്ല. വിസ്തൃതി കുറഞ്ഞ കുന്തളംപാറ റോഡില്‍ ഒരു ഭാഗത്ത് ഓട്ടോറിക്ഷ സ്റ്റാന്‍ഡ് ആയതിനാല്‍ ബസടക്കമുള്ള വാഹനങ്ങള്‍ വരുമ്പോള്‍ കാല്‍നടക്കാര്‍ തലനാരിഴക്കാണ് അപകടത്തില്‍നിന്ന് രക്ഷപ്പെടുന്നത്. അശോക ജങ്ഷനിലൂടെ വരുന്ന വാഹനങ്ങള്‍ സെന്‍ട്രല്‍ ജങ്ഷന്‍ കടക്കണമെങ്കില്‍ 10 മിനിറ്റോളം വേണ്ടിവരും. പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് കുന്തളംപാറ റോഡ് വഴിയും അപ്രോച്ച് പാതയിലൂടെയും ബസുകള്‍ എത്തുമ്പോള്‍ സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് വരുന്ന വാഹനങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയാതെ വരുന്നു. പിന്നീട് വാഹനങ്ങള്‍ പിന്നിലേക്ക് മാറ്റി മിനിറ്റുകള്‍ക്ക് ശേഷമാണ് യാത്ര തുടരുന്നത്. പഴയ ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സ്ഥലം തിരിച്ച് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടം സ്വകാര്യ വാഹനങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിച്ചതോടെ ബസ് സ്റ്റാന്‍ഡ് മുഴുവന്‍ ഇതര വാഹനങ്ങള്‍ കൈയേറിക്കഴിഞ്ഞു. ഗുരുമന്ദിരം റോഡില്‍ ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നതായി കാല്‍നടക്കാര്‍ പറയുന്നു. പിന്നാലെ വരുന്ന വാഹനങ്ങള്‍ ബസ് പോകുന്നതുവരെ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. പരിഷ്‌കാരം നടപ്പാക്കിയപ്പോള്‍ ബസ് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരുന്നെങ്കിലും ജീവനക്കാര്‍ ഇതൊന്നും പാലിക്കുന്നില്ല. ഇതിനിടെ തിരക്കേറിയ സമയങ്ങളില്‍ ടാക്‌സി വാഹനങ്ങള്‍ ടൗണില്‍ കുറുകെ തിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പരാതിയുണ്ട്.സ്‌കൂള്‍ തുറക്കുന്നതോടെ ഇവിടങ്ങളില്‍ ഗതാഗതതടസം രൂക്ഷമാകും. ടൗണില്‍ വാഹനവുമായി എത്തുന്നവര്‍ കുരുക്കില്‍പ്പെടുമ്പോള്‍ നടപടിയെടുക്കാതെ അധികൃതര്‍ ഉറക്കം നടിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.