തൊഴിലുറപ്പില്‍ 19 പഞ്ചായത്തുകള്‍ പിന്നില്‍

Saturday 27 May 2017 9:12 pm IST

ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പിന്നാക്കംനില്‍ക്കുന്ന ജില്ലയിലെ 19 ഗ്രാമപഞ്ചായത്തുകള്‍ പിന്നിലായി. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്ന ജില്ലാ വികസന കോ-ഓര്‍ഡിനേഷന്‍-മോണിറ്ററിങ് സമിതി(ദിഷ) യോഗത്തിലാണ് ഇത് വ്യക്തമായത്. ആല, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, അരൂക്കുറ്റി, തഴക്കര, മുളക്കുഴ, പുലിയൂര്‍, മാവേലിക്കര തെക്കേക്കര, ചെറിയനാട്, മാന്നാര്‍, മുതുകുളം, ബുധന്നൂര്‍, വെളിയനാട്, വെണ്‍മണി, കാവാലം, ചേപ്പാട്, ദേവികുളങ്ങര, മുട്ടാര്‍, ചേന്നം പള്ളിപ്പുറം പഞ്ചായത്തുകളാണ് പിന്നില്‍. തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചതിലും 100 തൊഴില്‍ദിനങ്ങള്‍ നല്‍കിയതിലും നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതിലും പഞ്ചായത്തുകള്‍ പിന്നാക്കംപോയതായി യോഗം വിലയിരുത്തി. പഞ്ചായത്തുകള്‍ പദ്ധതി നിര്‍വഹണത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ കേന്ദ്രമാനദണ്ഡപ്രകാരം ഫണ്ട് ലഭിക്കാത്ത അവസ്ഥവരുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. തൊഴിലുറപ്പു പദ്ധതിയുടെ കൂലിയായി മാര്‍ച്ച് 31 വരെ ജില്ലയ്ക്ക് 85 കോടി രൂപ കേന്ദ്രസര്‍ക്കാരില്‍നിന്ന് കുടിശിക ലഭിക്കാനുണ്ടെന്ന് പദ്ധതിയുടെ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി. വിജയകുമാര്‍ പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കിയത് കേന്ദ്ര മാനദണ്ഡപ്രകാരമല്ലെന്ന കാരണത്താലാണ് തുക നല്‍കാത്തത്. ഈ വര്‍ഷത്തെ 10 കോടി രൂപ കൂടി കണക്കാക്കിയാല്‍ കുടിശിക 95 കോടി രൂപയാണ്. മാര്‍ച്ച് 31 വരെ 2,50,156 കുടുംബങ്ങള്‍ക്ക് തൊഴില്‍ കാര്‍ഡ് ലഭ്യമാക്കി. 1,40,271 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കി. പദ്ധതിയിലൂടെ 289.73 കോടി രൂപ ചെലവഴിച്ചു. കൂലിയായി 246.88 കോടിയും സാധന-സാമഗ്രികള്‍ക്കായി 30.82 കോടി രൂപയും ചെലവഴിച്ചു. മൊത്തം 78,46,190 തൊഴില്‍ ദിനം സൃഷ്ടിച്ചു. ജില്ലയിലെ ശരാശരി തൊഴില്‍ദിനം 55.94 ആണ്. സംസ്ഥാനശരാശരിയേക്കാള്‍ ജില്ല മുന്നിലെത്തി. 46.98 ആണ് സംസ്ഥാനശരാശരി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.