ന്യൂദല്‍ഹി: സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫേസ്ബുക്കിലും ട്വിറ്ററിലും സജീവമായ മോദിയെ പിന്തുടരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. 2014 മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ മൂന്നു മടങ്ങ് ആളുകള്‍ ഫേസ്ബുക്കിലും ഏഴു മടങ്ങ് ട്വിറ്ററിലും പ്രധാനമന്ത്രിക്കു പിന്നാലെയുണ്ട്.
ഫേസ്ബുക്ക് കഴിഞ്ഞ ദിവസമാണ് കണക്ക് പുറത്തുവിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച സമയത്ത് 1.4 കോടി പേരാണ് ഫേസ്ബുക്കില്‍ മോദിയെ പിന്തുടര്ന്നിരുന്നത്. 2017ല്‍ 4.17 കോടിയായി. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആറു മാസത്തിനിടെ നാല് കോടി പേര് കൂടുതലായെത്തി. പിന്തുടരുന്നവരുടെ എണ്ണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിലാണ് മോദിയെന്നും ഫേസ്ബുക്ക് വ്യക്തമാക്കുന്നു. ട്വിറ്ററില്‍ മൂന്നു കോടി പേരാണ് മോദിയെ പിന്തുടരുന്നത്.
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജ് പട്ടികയില്‍ മൂന്നാമതുണ്ട്. ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികളാണ് സമൂഹമാധ്യമങ്ങള്‍ ആഘോഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: