സമ്പൂര്‍ണ്ണ വൈദ്യുതീകരണം; കേന്ദ്രസഹായം മറച്ചുവച്ചു

Saturday 27 May 2017 10:03 pm IST

കോഴിക്കോട്: സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിയിലൂടെ കേരളം വെളിച്ചത്തിന്റെ നിറവില്‍ എന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രചരിപ്പിക്കുമ്പോള്‍ ലഭിച്ച കേന്ദ്ര സഹായം തമസ്‌കരിക്കാന്‍ നീക്കം. നാളെ കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരിച്ച സംസ്ഥാനമായി പ്രഖ്യാപിക്കും. പദ്ധതിയിലുള്‍പ്പെടുത്തി 174 കോടി രൂപ ചെലവഴിച്ച് ഒന്നര ലക്ഷത്തിലധികം വീടുകള്‍ക്ക് വൈദ്യുതി കണക്ഷനുകള്‍ നല്‍കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം നല്‍കിയ സഹായങ്ങളെക്കുറിച്ച് കേരള സര്‍ക്കാര്‍ മിണ്ടുന്നില്ല. ഗ്രാമീണ വൈദ്യുതീകരണത്തിനായി 217.87 കോടി രൂപ കേരളത്തിന് കേന്ദ്രം നല്‍കിക്കഴിഞ്ഞു. ഇതില്‍ 98 ശതമാനവും സംസ്ഥാനത്തിന് ലഭിച്ചു. ഇത്പ്രകാരം സംസ്ഥാനത്ത് 1,51,035 ബിപിഎല്‍ വീടുകള്‍ വൈദ്യുതീകരിച്ചുകഴിഞ്ഞു. ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയിലെ വിവിധ പദ്ധതികളില്‍ പെടുത്തി 485.35 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പഴയ മെക്കാനിക്കല്‍ മീറ്ററുകള്‍ക്ക് പകരം പുതിയ ഡിജിറ്റല്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് 259.16 കോടി രൂപ അനുവദിച്ചു. വൈദ്യുതി വിതരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികള്‍ക്കായി 164.66 കോടി രൂപയും സംസദ് ആദര്‍ശ് ഗ്രാമയോജനക്ക് 59.12 കോടി രൂപയും, സംസ്ഥാനത്തിന് അനുവദിച്ചുകഴിഞ്ഞു. ഊര്‍ജ മേഖലയിലെ പുരോഗതി കൈവരിക്കുന്നതിന് ഗ്രാമീണ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് വന്‍ തുക അനുവദിച്ചത്. കേരളം സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കുന്നതിന് കേന്ദ്ര സഹായമാണ് കൂടുതല്‍ ലഭിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ കെഎസ്ഇബിയുടെ തനത് ഫണ്ട്, എംഎല്‍എ, മാരുടെ വികസനഫണ്ട്, പട്ടികജാതി വര്‍ഗ്ഗ ക്ഷേമ വകുപ്പിന്റെ ഫണ്ടുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ എന്നിവ ചെലവഴിച്ചാണ് സംസ്ഥാനത്തെ ഇരുട്ടകറ്റിയതെന്നാണ് മന്ത്രി എം.എം മണിയും സര്‍ക്കാരും അവകാശപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ സൗജന്യ കണക്ഷനുകള്‍ ലഭിക്കുന്നവരുടെ വരുമാനപരിധി വര്‍ദ്ധിപ്പിക്കുക വഴി പാവപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സഹായം സാമ്പത്തികമായി ഉയര്‍ന്നവര്‍ക്ക് ലഭിക്കുന്നതിനിടയാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വരുമാന പരിധി അമ്പതിനായിരം രൂപയായി ഇടത് സര്‍ക്കാര്‍ ഉയര്‍ത്തി. കേന്ദ്ര സഹായങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കെഎസ്ഇബി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കണമെന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാരും ഇടതു യൂണിയനുകളും ഇത് അട്ടിമറിച്ചു. കേന്ദ്ര സഹായം മറച്ച് വെച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പിണറായി സര്‍ക്കാരിന്റെ ഈ നീക്കം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.