ആരും തുണയില്ലാത്തവര്‍ക്ക് തുണയായി ഹൈക്കോടതി

Saturday 27 May 2017 11:05 pm IST

കൊച്ചി: ചിലരുടെ തടവിലകപ്പെട്ട്, അന്യരാജ്യങ്ങളിലേക്ക് കടത്തപ്പെടുകയോ ചൂഷണത്തിനിരയാകുകയോ ചെയ്യുന്ന 'ആരും തുണയില്ലാത്തവര്‍ക്ക് തുണയായി നീതിയുറപ്പിക്കാനാണ്' അഖില കേസില്‍ ഇടപെടുന്നതെന്ന് ഹൈക്കോടതി വിശദീകരിച്ചു. കോടതി 'പാരന്റ്‌സ് പാട്രേ നീതിനിര്‍വഹണം' നടപ്പാക്കുകയായിരുന്നു. അസാധാരണമാണ് ഈ നടപടി, എന്നാല്‍ അനിവാര്യവുമായി. വിവാഹത്തെക്കുറിച്ച് കോടതി പറയുന്നു: പുത്തൂരിലെ സ്രാമ്പിക്കല്‍ ഹൗസില്‍വെച്ച് പുത്തൂര്‍ ജുമാ മസ്ജിദ് ഖാസി നടത്തിയെന്നു പറയുന്ന വിവാഹം സാധുവല്ല. അതൊരു കടലാസ് സംഘടനയാണ്. 2016 ഡിസംബര്‍ 19ന് കോടതിയില്‍ ഹാജരായപ്പോള്‍ അഖിലയോ പ്രതികളോ, വക്കീലോ വിവാഹത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് വിവാഹിതയായെന്നു പറഞ്ഞത്. വിവാഹത്തില്‍ അഖിലയുടെ വീട്ടുകാര്‍ പങ്കെടുത്തുവെന്ന് പറഞ്ഞത് നുണയാണ്. അതിനാല്‍ ശരീയത്ത് വിവാഹ വ്യവസ്ഥ പ്രകാരം സാധുവല്ല. ഹാജരാക്കിയ വിവാഹ രേഖകളില്‍ അഖിലയുടെ പേര് ഹാദിയ എന്നാണ്. എന്നാല്‍ ഇസ്ലാം മതം സ്വീകരിച്ച അഖിലയുടെ പേര് ആസിയ എന്നാണെന്ന് കൗണ്‍സല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അഖില നേരിട്ടു നല്‍കിയ മൊഴിയിലും പറയുന്നു. ചില രേഖകളില്‍ ആധിയയാണ്. വിവാഹം കഴിച്ചെന്ന് പറയുന്നയാള്‍ക്ക് ഗള്‍ഫില്‍ ജോലിയാണെന്ന് പറയുന്നു. പക്ഷേ എസ്ഡിപിഐയുടെയും കാമ്പസ് ഫ്രണ്ടിന്റേയും പ്രവര്‍ത്തകനായ ഷാഫിന്‍ ജഹാന്‍ എസ്ഡിപിഐയുടെ വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനാണ്. ഈ ഗ്രൂപ്പില്‍ കനകമലയില്‍ പിടിയിലായ, ഐഎസ് പ്രവര്‍ത്തകന്‍ മാന്‍സി ബുറാഖി അംഗമായിരുന്നു. ഷാഫിന്‍ ജഹാന്റെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ എല്ലാ കാര്യത്തിലും ദുരൂഹതയും നിഗൂഢതയും നിലനില്‍ക്കുന്നുണ്ട്. അഖിലക്ക് 24 വയസുണ്ട്. 20 വയസിലാണ് ഇസ്ലാം മതം സ്വീകരിക്കുകയോ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയോ ചെയ്തത്. നരകവും ചിത്രവധവും ഉള്‍പ്പെടെ പലതും കാണിച്ചും വിശ്വസിപ്പിച്ചും ഭയം ജനിപ്പിച്ചും വിവിധ തരത്തില്‍ സ്വാധീനിച്ചുമാണ് അവരെ ഇസ്ലാം മതത്തിലാക്കിയത്. ഇക്കാര്യം അഖിലതന്നെ സമ്മതിച്ചിട്ടുണ്ട്. കോടതി പറയുന്നു. ഇന്ത്യന്‍ സംസ്‌കാരമനുസരിച്ച്, ശരിയായ രീതിയില്‍ വിവാഹം കഴിച്ചു വിടുംവരെ പെണ്‍കുട്ടിയുടെ സംരക്ഷണം പെണ്‍കുട്ടിയുടെ രക്ഷിതാക്കളിലാണ്. ഇരുപതു വയസ് പ്രായപൂര്‍ത്തിയാണെന്നും സ്വയം തീരുമാനം എടുക്കാനാവുമെന്നും പറയുന്നു. എന്നാല്‍, വഴിതെറ്റാനിടയുള്ള പ്രായവുമാണത്. അത്തരം സാഹചര്യത്തില്‍, ഇസ്ലാമിക വിധി പ്രകാരം ഒരാളുമായി വിവാഹം നടത്തിയെന്നു പറയുമ്പോഴും, കൂടുതല്‍ അപകടത്തിലേക്കു പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ കടമയാണ്, 'പാരന്റസ് പാട്രേ നീതിനിര്‍വഹണം' (ആരും തുണയില്ലാത്തവര്‍ക്ക് തുണയായി നീതിയുറപ്പിക്കല്‍) എന്ന് കോടതി വിശദീകരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.