പാലം യാഥാര്‍ത്ഥ്യമായി; പക്ഷേ അപ്രോച്ച് റോഡില്ല

Saturday 27 May 2017 11:54 pm IST

പരപ്പനങ്ങാടി: ഇരുകരകളെയും ബന്ധിപ്പിക്കാന്‍ പുതിയ പാലമായി പക്ഷേ അപ്രോച്ച് റോഡിന് സ്ഥലം വിട്ടുകിട്ടാത്തതിനാലും കരാര്‍ കാലാവധി കഴിഞ്ഞതിനാലും കരാര്‍ കമ്പനി പ്രവൃത്തി ഉപേക്ഷിച്ചതിനാലും ഒട്ടുംപുറം- കെട്ടുങ്ങല്‍ പാലം ഉദ്ഘാടനം അനിശ്ചിതത്വത്തിലായി. 2013 ഒക്ടോബറിലാണ് പാലം പണി തുടങ്ങിയത് 2015 ഡിസംബറോടെ പണി പൂര്‍ത്തിയായെങ്കിലും താനൂര്‍ നഗരസഭ പ്രദേശത്തെ 50 മീറ്ററിലധികം സ്ഥലമാണ് വിട്ടുകിട്ടേണ്ടിയിരുന്നത്. രണ്ട് സ്വകാര്യ വ്യക്തികളുടെ അധീനതയിലായ ഇത് വിട്ടുകിട്ടാന്‍ ജനപ്രതിനിധിതലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. തുടര്‍ന്ന് താനൂര്‍ നിയോജക മണ്ഡലത്തില്‍ രാഷ്ട്രീയ മാറ്റമുണ്ടായതോടെയാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞു. പാലം വന്നുചേരുന്ന പരപ്പനങ്ങാടി നഗരസഭയുടെ ഭാഗത്ത് അപ്രോച്ച് റോഡിന്നുള്ള സ്ഥലം സമയബന്ധിതമായി ഏറ്റെടുത്ത് നല്‍കിയതിനാല്‍ റോഡിന്റെ പണി പൂര്‍ത്തിയായി പാര്‍ശ്വഭിത്തിയുടെ പ്രവൃത്തി മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. പുതിയ മന്ത്രിസഭ അധികാരമേറ്റ് ഒരു വര്‍ഷം പിന്നിട്ടിട്ടും 26 കോടിയിലധികം ചിലവഴിച്ച് നിര്‍മ്മിച്ച പാലം എന്ന് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാനാകുമെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ല. നടപ്പാതയടക്കം പത്തരമീറ്റര്‍ വീതിയും ഇരുനൂറിലധികം മീറ്റര്‍ നീളമുള്ള പാലത്തിന്റെ കരകള്‍ കൂട്ടിമുട്ടിക്കാനാകാതെ രാഷ്ട്രീയ വടംവലികള്‍ നാടിന്റെ വികസനത്തിന് വിഘാതമാകുമ്പോള്‍ ഇരുകരകളിലെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്നത്. പരപ്പനങ്ങാടിയുടെ കരയില്‍ നിര്‍മ്മിച്ച അപ്രോച്ച് റോഡ് പാര്‍ശ്വഭിത്തിയില്ലാത്തതിനാല്‍ കഴിഞ്ഞ വേനല്‍മഴയില്‍ തകര്‍ന്നു. റോഡിന്റെ ഭിത്തി കെട്ടി സംരക്ഷിച്ചില്ലെങ്കില്‍ അടുത്ത കാലവര്‍ഷത്തില്‍ ഈ തീരദേശപാത കടലെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.