വില ലഭിച്ചില്ല; കര്‍ഷകര്‍ വെറ്റില ഉപേക്ഷിച്ചു

Sunday 28 May 2017 12:26 pm IST

പത്തനാപുരം: കടുത്ത വേനലിലും പ്രതിസന്ധികളെ അതി ജീവിച്ച് കൃഷിചെയ്‌തെടുത്ത വെറ്റില വില്‍ക്കാനാവാതെ കര്‍ഷകര്‍ ഉപേക്ഷിച്ചു .പത്തനാപുരം മാര്‍ക്കറ്റിലാണ് കെട്ടുകണക്കിന് വെറ്റില ഉപേക്ഷിച്ച് കര്‍ഷകര്‍ നിരാശരായി മടങ്ങിയത്. കിഴക്കന്‍ മേഖലയിലെ പ്രശസ്തമായ വെറ്റിലച്ചന്തയാണ് പത്തനാപുരത്തേത്. പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധയിടങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകരുടെ പ്രധാന വിപണിയാണ് പത്തനാപുരത്തേത്. മാന്യമായ വില ലഭിക്കാത്തതാണ് വെറ്റില ഉപേക്ഷിച്ച് പോകാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. പുലര്‍ച്ചെ നാലോടെയാണ് വെറ്റില വിപണി സജീവമാകുന്നത്. ആദ്യം ഒരടുക്ക് വെറ്റയ്ക്ക് ഇരുപത് രൂപ വില പറഞ്ഞെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ അത് ഏഴുരൂപയില്‍ എത്തുകയായിരുന്നു. ഇതോടെ ഇടനിലക്കാരും കര്‍ഷകരും തമ്മില്‍ വാക്കേറ്റവുമുണ്ടായി. തുടര്‍ന്ന് പത്തനാപുരം പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അഞ്ച് മണിയോടെ വെറ്റില ഉപേക്ഷിച്ച് കര്‍ഷകര്‍ മടങ്ങുകയും ചെയ്തു. വേനല്‍ കടുകനത്ത പ്രഹരമായി. തലവൂര്‍, പട്ടാഴി ,പിറവന്തൂര്‍, വിളക്കുടി, പട്ടാഴി വടക്കേക്കര, മേലില തുടങ്ങിയ പഞ്ചായത്തുകളിലാണ് വെറ്റില കര്‍ഷകര്‍ കൂടുതലായുളളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നിലൊന്ന് ശതമാനം മഴ മാത്രമേ ഈ കൊല്ലം ലഭിച്ചുളളൂ. ഓണത്തിനു ശേഷം നട്ട വളളികള്‍ മിക്കതും ഉണങ്ങിയ നിലയിലായിരുന്നു. വേനല്‍ കടുത്തതോടെ കല്ലട ജലസേചന പദ്ധതിയില്‍ നിന്നുളള ജലവിതരണവും കുറഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ നവംബര്‍ , ഡിസംബര്‍ മാസങ്ങളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിലും കാറ്റിലും പകുതിയിലധികം കാര്‍ഷിക വിളകളും നശിച്ചിരുന്നു. ഇത്തവണ ജനുവരി ആദ്യവാരത്തോടെ വേനല്‍ കടുത്തതിനാല്‍ ജലാശയങ്ങളെല്ലാം വറ്റിയിരുന്നു.വിളകള്‍ കരിഞ്ഞുണങ്ങാന്‍ തുടങ്ങിയതോടെ പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്തവരാണ് ഏറെ ദുരിതത്തിലായത്. കൂടാതെ വിപണിയിലെത്തിക്കുന്ന വെറ്റിലയ്ക്ക് ഇട നിലക്കാര്‍ വില നല്‍കാത്തതും കര്‍ഷകരെ ദുരിതത്തിലാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.