ബന്ധുവിനെ രക്ഷിക്കാന്‍ ദേശീയ ഷൂട്ടിങ് താരം ആക്രമികളെ വെടിവച്ചു വീഴ്ത്തി

Sunday 28 May 2017 4:59 pm IST

ന്യൂദല്‍ഹി: ആക്രമികള്‍ തട്ടിക്കൊണ്ടു പോയ ബന്ധുവിനെ രക്ഷിക്കാന്‍ ദേശീയ ഷൂട്ടിങ് താരം കളി കാര്യമാക്കി. ഭര്‍തൃ സഹോദരനായ ആസിഫിനെ തട്ടിക്കൊണ്ടു പോയ ആക്രമികള്‍ക്കു നേരെയാണ് ഷൂട്ടിങ് താരം അയിഷ ഫലാഖ് നിറയൊഴിച്ചത്. ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിയായ ആസിഫ് ക്ലാസ് കഴിഞ്ഞതിനു ശേഷം ടാക്‌സി ഡ്രൈവറായും ജോലി ചെയ്തിരുന്നു. കഴിഞ്ഞദിവസം ദരിയാഗഞ്ചിലേക്ക് റാഫി, ആകാശ് എന്നീ യുവാക്കള്‍ ഓട്ടം വിളിച്ചു. മിന്റോ റോഡില്‍നിന്നു പുറപ്പെട്ട് പകുതിദൂരം പിന്നിട്ടപ്പോള്‍ വഴി മാറ്റണമെന്നും ഭോപ്ര ബോര്‍ഡറില്‍ കാര്‍ നിര്‍ത്തണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആസിഫിന്റെ പഴ്സ് ഇരുവരും തട്ടിയെടുത്തു. പക്ഷേ പഴ്സില്‍ 150 രൂപയേ ഉണ്ടായിരുന്നുള്ളൂ. പണമില്ലെന്നു കണ്ടതോടെ ഇരുവരും ആസിഫിനെ ക്രൂരമായി മര്‍ദ്ദിച്ച് വീട്ടിലേക്കു ഫോണ്‍ വിളിപ്പിച്ചു. ശാസ്ത്രി പാര്‍ക്കിലേക്ക് ഒരു മണിക്കൂറിനകം 25,000 രൂപയുമായി വന്നാല്‍ ആസിഫിനെ ജീവനോടെ കൊണ്ടുപോകാം എന്നായിരുന്നു ഭീഷണി. വീട്ടുകാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസിനൊപ്പം അയിഷയും ശാസ്ത്രി പാര്‍ക്കിലേക്കു പോയി. അയിഷയെയും ഭര്‍ത്താവിനെയും കണ്ടപ്പോള്‍ സംശയം തോന്നിയ ആക്രമികള്‍ ദൂരേക്കു കാറോടിച്ചുപോയി. കുറച്ചുസമയത്തിനുശേഷം വീണ്ടും ബന്ധപ്പെട്ട ആക്രമികള്‍ ഭജന്‍പുരയില്‍ പൊലീസില്ലാതെ പണവുമായി വരണമെന്നാവശ്യപ്പെട്ടു. തന്റെ .32 പിസ്റ്റളുമായി സ്ഥലത്തെത്തിയ അയിഷ അക്രമികളെ കണ്ടതും വെടിയുതിര്‍ക്കുകയായിരുന്നു. അപ്രതീക്ഷിത അക്രമണത്തില്‍ പകച്ചുപോയ സംഘം ആസിഫിനെ ഉപേക്ഷിച്ചു. ഒരാളുടെ അരക്കെട്ടിലും മറ്റേയാളുടെ കാലിലുമാണ് വെടിയേറ്റത്. രക്ഷപ്പെട്ടോടാന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് പിന്തുടര്‍ന്നു പിടികൂടി. 2015 ലെ നോര്‍ത്ത് സോണ്‍ ഷൂട്ടിങ്ങില്‍ വെങ്കല മെഡല്‍ ജേതാവാണ് അയിഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.