കണ്ണൂര്‍: സിപിഎമ്മിനെ കുറ്റപ്പെടുത്തി കാനം

Sunday 28 May 2017 8:58 pm IST

തിരുവനന്തപുരം: കണ്ണൂര്‍ അക്രമങ്ങളില്‍ സിപിഎമ്മിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ടു കൈയും കൊട്ടാതെ ശബ്ദമുണ്ടാകില്ലെന്നാണ് കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലകളെക്കുറിച്ച് കാനം രാജേന്ദ്രന്‍ പറഞ്ഞത്. സിപിഐ ആ സംഘര്‍ഷത്തിന്റെ ഭാഗമാകാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വകാര്യ ഓണ്‍ലൈനിനോട് ഫെയ്‌സ്ബുക്കിലൂടെ സംവദിക്കുകയായിരുന്നു കാനം. അഴിമതിക്കാരായ കെ.എം. മാണിയും ആര്‍. ബാലകൃഷ്ണയും സിപിഐക്ക് ഒരു പോലെയാണ്. ഇരുവരോടും പാര്‍ട്ടി പുലര്‍ത്തിയിരുന്ന നിലപാടില്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല. ഇടതു മുന്നണി നയം രൂപീകരിക്കുന്നത് ഏതെങ്കിലും വ്യക്തികളുടെ മുഖം നോക്കിയല്ല. അവിടെ അഴിമതിക്കെതിരായ നിലപാട് പ്രധാനമാണ്. മാത്രമല്ല എല്‍ഡിഎഫ് കാലങ്ങളായി തുടരുന്ന നയവും പ്രസക്തമാണ്. അങ്ങനെ നോക്കുമ്പോള്‍ മാണിയെ ഒരുകാരണവശാലും അംഗീകരിക്കാനാകില്ലെന്ന് കാനം ചൂണ്ടിക്കാട്ടി. ആര്‍. ബാലകൃഷ്ണപിള്ളയുടെ കാര്യത്തില്‍ ചെറിയ വ്യത്യാസമുണ്ട്. യുഡിഎഫിലെ അഴിമതി ചോദ്യം ചെയ്ത പുറത്തുവന്ന ആളാണ് പിള്ളയും പിള്ളയുടെ പാര്‍ട്ടിയും. പത്തനാപുരം മുമ്പ് സിപിഐ മത്സരിച്ചിരുന്ന മണ്ഡലമാണ്. ചില നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ ആ സീറ്റ് ബാലകൃഷ്ണപിള്ളയുടെ മകന്‍ ബി. ഗണേഷ്‌കുമാറിന് വിട്ടുകൊടുത്തു. ഇത് പരസ്യമായി ചെയ്തതാണ്. പിള്ളയുമായി അത്തരത്തില്‍ ഇനിയും സഹകരിക്കും. പക്ഷേ അത് മുന്നണിപ്രവേശനത്തിനുള്ള മാര്‍ഗമായി കാണേണ്ട. എല്‍ഡിഎഫിലെടുക്കണമെന്ന ബാലകൃഷ്ണപിള്ളയുടെ ആവശ്യം നടക്കില്ലെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. മുന്നണിയുമായി സഹകരിക്കുന്ന പാര്‍ട്ടി എന്ന നിലയ്ക്കാണ് അവര്‍ക്ക് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയത്. അതിനെ മറ്റൊരു രീതിയിലും വ്യാഖ്യാനിക്കേണ്ട. ഒരു സര്‍ക്കാരിനും നൂറുശതമാനം സംതൃപ്തി നല്‍കി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. വിമര്‍ശനങ്ങളെ പോസിറ്റീവായി കാണാനും അതനുസരിച്ച് തിരുത്താനും സര്‍ക്കാരിനാകണമെന്നും കാനം ചൂണ്ടിക്കാട്ടി. മുന്നണി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ സിപിഐ എതിര്‍ക്കും. എതിരഭിപ്രായങ്ങള്‍ എല്‍ഡിഎഫ് യോഗങ്ങളിലും സിപിഎം-സിപിഐ ഉഭയകക്ഷി യോഗങ്ങളിലും പറഞ്ഞിട്ടുണ്ട്. മലപ്പുറം തെരഞ്ഞെടുപ്പ് ആയതിനാലാണ്, ഇടതുമുന്നണിയിലെ ഘടകകക്ഷികളെക്കുറിച്ച് പ്രകാശ് കാരാട്ട് കോഴിക്കോട്ട് പറഞ്ഞതു സംബന്ധിച്ച് പ്രതികരിക്കാതിരുന്നത്. തെരഞ്ഞെടുപ്പിന് ശേഷം സിപിഐ കൗണ്‍സില്‍ ചേര്‍ന്ന് കാരാട്ടിന് മറുപടി നല്‍കി. മൂന്നാറില്‍ സിപിഐ ഭൂമി കൈയേറിയിട്ടില്ല. സിപിഐ ഓഫീസിനെ സംബന്ധിച്ച കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞതാണ്. കൈയേറ്റമൊഴിപ്പിക്കുക, കുടിയേറ്റക്കാരെ സംരക്ഷിക്കുക എന്നതാണ് സിപിഐയുടെ പ്രഖ്യാപിത നയം. ലോ അക്കാദമിയിലെ എഐഎസ്എഫ് യൂണിറ്റ് സെക്രട്ടറി വിവേക് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്കെതിരായ പരാതി പിന്‍വലിച്ചതില്‍ തനിക്ക് യാതൊരു പങ്കുമില്ല. വ്യക്തിയെന്ന നിലയില്‍ വിവേകിന് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കാനം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.