താരങ്ങള്‍ പെയ്തിറങ്ങി; അക്ഷര നഗരിക്ക് ആഘോഷരാവ്

Sunday 28 May 2017 10:25 pm IST

ജന്മഭൂമിയുടെ ‘ലെജന്‍ഡ് ഓഫ് കേരള’ പുരസ്‌കാരം കോട്ടയത്ത് സംഘടിപ്പിച്ച പുരസ്‌കാര നിശയില്‍ നടന്‍ മോഹന്‍ലാല്‍ ജസ്റ്റിസ് കെ.ടി. തോമസില്‍ നിന്ന് ഏറ്റുവാങ്ങുന്നു. ജന്മഭൂമി ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍, കല്ലിയൂര്‍ ശശി, റിച്ചാര്‍ഡ് ഹേ എംപി, ജന്മഭൂമി ചീഫ് എഡിറ്റര്‍ ലീലാമേനോന്‍ സമീപം- വി.ബി. ശിവപ്രസാദ്

കോട്ടയം: വിണ്ണിലെ താരങ്ങള്‍ മണ്ണിലിറങ്ങി ആടുകയും പാടുകയും ചെയ്തപ്പോള്‍ അക്ഷരനഗരി അക്ഷരാര്‍ത്ഥത്തില്‍ ആഘോഷതിമിര്‍പ്പിലായി. നടന വിസ്മയം മോഹന്‍ലാല്‍ മുതല്‍ സിനിമാ-സീരിയല്‍ ഹാസ്യതാരം നോബിവരെയുള്ള താരങ്ങള്‍ ഒന്നിച്ച ‘ജന്മഭൂമി ലെജന്‍ഡ്‌സ് ഓഫ് കേരള പുരസ്‌കാര നിശ’ കോട്ടയം നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത കലാ, സാംസ്‌കാരിക സംഗമ വേദിയായി.

നൃത്തവും പാട്ടും സ്‌കിറ്റുകളുമെല്ലാം ചേര്‍ന്ന് അവിസ്മരണീയ വിരുന്നാണ് ഒരുക്കിയത്. ബസേലിയസ് കോളേജ് മൈതാനത്തെ പ്രൗഢഗംഭീര വേദിയില്‍ സിനിമാ സീരിയല്‍ രംഗത്തെ താരങ്ങള്‍ ആടി ത്തിമിര്‍ത്തപ്പോള്‍ അതാസ്വദിക്കാന്‍ കോട്ടയം നഗരം ഒഴുകിയെത്തി. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരോടൊപ്പം കാലാസ്വാദകരായ ആയിരക്കണക്കിന് ജനങ്ങളാണ് ബസേലിയസ് കോളേജ് മൈതാനത്ത് തിങ്ങിനിറഞ്ഞത്. ഇന്നലെ ഉച്ചമുതല്‍ മൈതാനത്തേക്ക് ആസ്വാദകരുടെ പ്രവാഹമായിരുന്നു. തിരക്ക് നിയന്ത്രിക്കല്‍ പലപ്പോഴും ശ്രമകരമായി.

ജന്മഭൂമി ചരിത്രം വിവരിക്കുന്ന, കടന്നുവന്ന വഴികളെ ഓര്‍മ്മിപ്പിക്കുന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. തുടര്‍ന്ന് മോഹന്‍ലാല്‍, ജസ്റ്റീസ്‌കെ.ടി. തോമസ്, റിച്ചാര്‍ഡ് ഹെ എംപി, കുമ്മനം രാജശേഖരന്‍, ലീലാ മോനോന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ചു. ജന്മഭൂമി ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ അധ്യക്ഷനായ ചടങ്ങില്‍ ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ജസ്റ്റിസ് കെ.ടി.തോമസില്‍ നിന്ന് നടന്‍ മോഹന്‍ലാല്‍ ജന്മഭൂമിയുടെ പ്രഥമ ‘ലെജന്‍ഡ് ഓഫ് കേരള’ പുരസ്‌കാരം ഏറ്റുവാങ്ങി.

‘ലെജന്‍ഡ് ഓഫ് കേരള’ പുരസ്‌കാരം നേടിയ മെട്രോമാന്‍ ഇ. ശ്രീധരന് ചടങ്ങിനെത്താനായില്ല. അദ്ദേഹത്തിന് പിന്നീട് പുരസ്‌കാരം നല്‍കും.  രണ്ട് നടന വിസ്മയങ്ങള്‍ ഒന്നിച്ച പുരസ്‌കാര നിശയെന്ന പ്രത്യേകതയും ‘ജന്മഭൂമി ലജന്‍ഡ്‌സ് ഓഫ് കേരളാ പുരസ്‌കാര നിശ’യ്ക്കുണ്ടായി. മോഹന്‍ലാലും മഞ്ജു വാര്യരും അക്ഷരനഗരിയിലെത്തി. മികച്ച നടിക്കുള്ള ജന്മഭൂമി പുരസ്‌കാരം മഞ്ജു ഏറ്റുവാങ്ങി. സമഗ്രസംഭാവനാ പുരസ്‌കാരം നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാറിനും ജന്മഭൂമി വിമന്‍ എംപവര്‍മെന്റ് പുരസ്‌കാരം നടിയും നര്‍ത്തകിയുമായ ആശാ ശരത്തിനും നല്‍കി. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മിയെയും ചടങ്ങില്‍ ആദരിച്ചു. സിനിമാ സാമൂഹ്യ മേഖലയിലെ വിവിധ പുരസ്‌കാരങ്ങളും നല്‍കി.

സേവനപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്ന ജന്മഭൂമിയുടെ പുതിയ ചുവടുവയ്പ്പിന്റെ ‘ജന്മഭൂമി സേവ’യുടെ ലോഗോ പ്രാകാശനം മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു. പ്രമുഖ കവി എസ്. രമേശന്‍ നായര്‍ രചിച്ച രംഗപൂജാ ഗാനത്തോടെയായിരുന്നു കലാപരിപാടികളുടെ ആരംഭം. താരനിശയില്‍ പാടിയത് പ്രമുഖരായ പത്ത് ഗായകരാണ്. പിന്നണിഗായകന്‍ സുധീപ് കുമാര്‍ നേതൃത്വം നല്‍കിയ സംഗീത വിരുന്നില്‍ രാജലക്ഷ്മി, അഖില ആനന്ദ്, ഹരിശങ്കര്‍, വില്‍സ് രാജ്, ലക്ഷ്മി ജയന്‍, അന്‍വര്‍ എന്നിവര്‍ക്കു പുറമേ മികച്ച പിന്നണിഗായകര്‍ക്കുള്ള ജന്മഭൂമി അവാര്‍ഡ് നേടിയ സൂരജ് സന്തോഷും വിദ്യ എസ്. മേനോനും ഗാനങ്ങള്‍ ആലപിച്ചു.

ഷംനാ കാസിമിന്റെ നേതൃത്വത്തിലുള്ള നൃത്തസംഘത്തിന്റെ പ്രകടനം കാണികളെ ആവേശത്തേരിലേറ്റി. നൃത്തസംഘത്തില്‍ രേവതി സുരേഷ്, നടന്‍ മണിക്കുട്ടന്‍, അപര്‍ണ്ണ ബാലമുരളി, ശ്രുതിബാല, ജ്യോതികൃഷ്ണ തുടങ്ങിയ സിനിമാരംഗത്തെ പ്രശസ്തര്‍ക്കൊപ്പം 20ഓളം നര്‍ത്തകര്‍ ചുവടുവച്ചു. പ്രമുഖ സിനിമ-സീരിയല്‍ ഹാസ്യതാരം നോബിയും സംഘവും അവതരിപ്പിച്ച കോമഡി സ്‌കിറ്റ് താരനിശയ്ക്ക് കൊഴുപ്പേകി. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജി.എസ്.വിജയനാണ് താരനിശ സംവിധാനം ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.