വിഴിഞ്ഞം: ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി

Sunday 28 May 2017 10:37 pm IST

ആലപ്പുഴ: വിഴിഞ്ഞം കരാറിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടിന്മേല്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം അമ്പലപ്പുഴ ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ കാലത്ത് ഒപ്പുവച്ച വിഴിഞ്ഞം കരാര്‍ അദാനി ഗ്രൂപ്പിനെ സഹിയാക്കുന്ന തരത്തിലാണെന്നും സംസ്ഥാന താത്പര്യത്തിനു വിരുദ്ധമെന്നുമായിരുന്നു സിഎജി റിപ്പോര്‍ട്ട്. ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ റിപ്പോര്‍ട്ടുകള്‍ക്ക് അതിന്റെ ഗൗരവം സര്‍ക്കാര്‍ നല്‍കും. അതിനിശിതമായ പരിശോധന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും. പൊതുജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഒട്ടും ആശങ്ക വേണ്ട. ജുഡീഷ്യല്‍ കമ്മീഷന്റെ പരിശോധനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. കഴിഞ്ഞ സര്‍ക്കാര്‍ ഈ സര്‍ക്കാരിനുമേല്‍ ബാധ്യത അടിച്ചേല്‍പ്പിച്ചു. പദ്ധതിയെക്കുറിച്ച് എല്‍ഡിഎഫിനും സിപിഎമ്മിനും വ്യക്തമായ നിലപാടുണ്ട്. കരാര്‍ ഒപ്പിട്ട് കഴിഞ്ഞ ഒരു കാര്യമാണത്. എതിര്‍പ്പുണ്ടെങ്കിലും നടപ്പാക്കാതെ പറ്റില്ലെന്നും പിണറായി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.