ജില്ലയില്‍ വയല്‍ നികത്തല്‍ വ്യാപകമാകുന്നു

Sunday 28 May 2017 11:30 pm IST

മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി വയല്‍ നികത്തുന്നതായി പരാതി. അധികൃതരുടെ മൂക്കിനുതാഴെ നടക്കുന്ന ഈ നിയമലംഘനം ആരും തടയുന്നില്ല. അരീക്കോട്, തിരൂര്‍, തിരൂരങ്ങാടി, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളില്‍ ഏക്കറുകണക്കിന് വയലുകളാണ് മണ്ണിട്ട് നികത്തുന്നത്. തിരൂരങ്ങാടി താലൂക്കിലെ നെടുവ വില്ലേജ് ഓഫീസിന് വിളിപ്പാടകലെയുള്ള ചെള്ളിയില്‍ത്താഴത്താണ് വയല്‍ നികത്തല്‍ വ്യാപകമായി നടക്കുന്നത്. ഇതിനുതൊട്ടടുത്തുള്ള ഞാറ്റുകണ്ടികുളം നികത്തി വീട് നിര്‍മാണവും നടക്കുന്നുണ്ട്. വില്ലേജധികൃതരുടെയും മുനിസിപ്പല്‍ അധികൃതരുടെയും മൗനാനുവാദത്തോടെയാണ് അനധികൃത പ്രവര്‍ത്തനം നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. നൂറ് ഏക്കറോളം വരുന്ന നെല്‍വയലാണ് ചെള്ളിയില്‍ത്താഴം. ലോഡ് കണക്കിന് ക്വാറിവേസ്റ്റ് കൊണ്ടുവന്ന് തള്ളിയാണ് നികത്തല്‍ നടക്കുന്നത്. രാത്രികാലങ്ങളിലാണ് പ്രധാനമായും നികത്തല്‍ പ്രവര്‍ത്തനത്തിനായി ക്വാറിവേസ്റ്റ് അടിക്കുന്നത്. ഇത് ഏറെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്. ചെള്ളിയില്‍താഴത്തിന് സമീപമുള്ള ഞാറ്റുകണ്ടികുളം നികത്തിയാണ് സ്വകാര്യവ്യക്തി വീട് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. കുളം, നഞ്ച എന്ന് ആധാരത്തില്‍തന്നെ രേഖപ്പെടുത്തിയിട്ടും നടക്കുന്ന അനധികൃത നിര്‍മാണം ഉദ്യോഗസ്ഥരുടെ പിന്തുണയോടെയെന്ന് വ്യക്തം. ഭൂനികത്തലിനെതിരായി പ്രവര്‍ത്തിക്കുന്നവരെന്ന് സ്വയംനടിക്കുന്നവരില്‍ ഒരാള്‍ വയല്‍നികത്തുന്നതിനെതിരെ പരാതി നല്‍കാതിരിക്കാന്‍ പണം ചോദിക്കുന്ന ഓഡിയോ ക്‌ളിപ്പും പ്രദേശത്ത് പ്രചരിക്കുന്നുണ്ട്. വയല്‍നികത്തലിനെതിരെ തണ്ണീര്‍തട സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നും അനധികൃത കെട്ടിട നിര്‍മാണം തടയണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.