മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ്: മന്ത്രിക്ക് പരാതി

Sunday 28 May 2017 11:33 pm IST

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍- മണര്‍കാട് ബൈപാസ് റോഡിന്റെ പൂവത്തുംമൂട് മുതല്‍ പട്ടിത്താനം വരെയുള്ള പണികള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭ പതിനെട്ടാം വാര്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് പരാതി നല്‍കി. അഡ്വ.കെ.സുരേഷ്‌കുറുപ്പിന്റെ സാന്നിദ്ധ്യത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മോന്‍സി പേരുമാലിലാണ് പരാതി മന്ത്രിക്ക് കൈമാറിയത്. മണര്‍കാട് മുതല്‍ പൂവത്തുംമൂട് വരെയുള്ള ഭാഗം പാലം ഉള്‍പ്പെടെ പണി പൂര്‍ത്തീകരിച്ചിട്ട് വര്‍ഷങ്ങളായി. പൂവത്തുംമൂട്ടില്‍ ഏറ്റുമാനൂര്‍ - സംക്രാന്തി റോഡിലെത്തി നില്‍ക്കുകയാണ് ബൈപാസ് റോഡ്. എം സി റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്നും ഒഴിവാകാന്‍ പാലാ ഭാഗത്തുനിന്നുമുള്ള വാഹനങ്ങളും കോട്ടയം ടൗണിലെ കുരുക്കില്‍ നിന്ന് രക്ഷപെടാന്‍ കെ.കെ.റോഡിലൂടെ വരുന്ന മെഡിക്കല്‍ കോളേജിലേക്കുള്ള ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും ഇപ്പോള്‍ ഏറ്റുമാനൂര്‍ -സംക്രാന്തി റോഡിനെയാണ് ആശ്രയിക്കുന്നത്. ശബരിമല സീസണില്‍ ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെത്തി ശബരിമലയ്ക്ക് പോകുന്ന ഭക്തരും പേരൂര്‍ റോഡിലൂടെ മണര്‍കാടെത്തിയാണ് യാത്ര തുടരുന്നത്. ബൈപാസ് റോഡ് പൂര്‍ണമായാല്‍ എറണാകുളം, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി തിരുവനന്തപുരം ഭാഗത്തേക്ക് പോകാനാവും. അതുപോലെ കിഴക്കന്‍ പ്രദേശങ്ങളിലേക്കുള്ള വാഹനങ്ങള്‍ക്കും. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കി റോഡ് പണി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ വേണ്ടതു ചെയ്യണമെന്നാണ് ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.