പ്രളയം: ശ്രീലങ്കയില്‍ മരണസംഖ്യ 164 ആയി

Monday 29 May 2017 5:24 pm IST

കൊളംബോ: ശ്രീലങ്കയില്‍ വ്യാഴാഴ്ച രാത്രി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും പ്രളയത്തിലും പെട്ട് മരിച്ചവരുടെ എണ്ണം 164-ലെത്തി. 104 പേരെ കാണാതായിട്ടുണ്ടെന്നും 88 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ദുരന്തനിവാരണ കേന്ദ്രം അറിയിച്ചു. പതിനാല് വര്‍ഷത്തിനിടെ ആദ്യമായാണ് ശക്തിയേറിയ മഴ ശ്രീലങ്കയില്‍ പെയ്യുന്നത്. മഴയെ തുടര്‍ന്നു ശ്രീലങ്കയുടെ ദക്ഷിണ-പടിഞ്ഞാറന്‍ മേഖല ഏറെക്കുറെ ഒറ്റപ്പെട്ടു. അഞ്ച് ലക്ഷത്തോളം പേര്‍ ഭവനരഹിതരായെന്നും റിപ്പോര്‍ട്ടുണ്ട്. 412 വീടുകള്‍ പൂര്‍ണമായും 4200 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 471000 പേര്‍ ഭവനരഹിതരായി. 75000-ത്തോളം പേരെ താത്കാലിക കൂടാരത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 330 താത്കാലിക കൂടാരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശ്രീലങ്കയില്‍ പതിനാലോളം ജില്ലകളിലാണു നാശനഷ്ടം വിതച്ചിരിക്കുന്നത്. ഇതില്‍ ദക്ഷിണ ഗല്ലെ ജില്ലയിലാണു കനത്ത നാശം. ഇവിടേയ്ക്കു ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളുമായി പറന്ന ശ്രീലങ്കന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിനു നിയന്ത്രണം നഷ്ടമായെങ്കിലും വന്‍ ദുരന്തത്തില്‍നിന്നും രക്ഷപ്പെട്ടു. അടുത്ത രണ്ട് ദിവസം കൂടി ശ്രീലങ്കയില്‍ കനത്ത മഴയുണ്ടാകുമെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മോറ' ചുഴലിക്കാറ്റാണ് മഴയ്ക്ക് കാരണം. ഇന്ത്യയ്ക്കു പുറമേ മറ്റ് രാജ്യങ്ങളും ശ്രീലങ്കയ്ക്കു സഹായവുമായെത്തിച്ചേര്‍ന്നിട്ടുണ്ട്. ചൈന 2.2 മില്യന്‍ ഡോളറിന്റെ സഹായം നല്‍കുമെന്ന അറിയിച്ചു. ലൈഫ് ജാക്കറ്റ്, ഷീറ്റുകള്‍, ബ്ലാങ്കറ്റുകള്‍, റെയ്ന്‍ ബൂട്ട്സ് തുടങ്ങിയവയും കൊളംബോയിലേക്ക് എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ശ്രീലങ്കയിലുണ്ടായ പ്രകൃതിദുരന്തത്തില്‍ ചൈനീസ് പ്രസിഡന്റും പ്രധാനമന്ത്രിയും അനുശോചനമറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.