ആചാരപ്പെരുമയില്‍ പട്ടും വളയും നല്‍കി

Monday 29 May 2017 10:02 pm IST

പയ്യന്നൂര്‍: പ്രസിദ്ധ ചെണ്ട വാദ്യവിദഗ്ധനും ആയിരക്കണക്കിന് ചെണ്ടപഠിതാക്കളുടെ ഗുരുവുമായ പയ്യന്നൂര്‍ സുധിക്ക് ആചാരപ്പെരുമയില്‍ തളിപ്പറമ്പ് ശ്രീരാജരാജേശ്വര ക്ഷേത്രത്തിലെ കൊട്ടുമ്പുറത്തുവെച്ച് പട്ടും വളയും ആചാരപ്പേരും നല്‍കി. ഉച്ചയ്ക്ക് ശേഷം നടന്ന അനുഷ്ഠാനചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ചീര്‍ങ്ങോട്ട് ഇല്ലത്ത് കേശവന്‍ നമ്പൂതിരി പൂജിച്ച പട്ടും കൈയിലണിയാന്‍ വളയും നല്‍കി. മൂന്ന് തവണ 'വാദ്യാചാര്യ പയ്യന്നൂര്‍ സുധി' എന്ന് വിളിച്ചപ്പോള്‍ 'റാന്‍ പറഞ്ഞു' വിളികേട്ടു. തുടര്‍ന്ന് വാര്യരും 'വാദ്യാചാര്യ പയ്യന്നൂര്‍ സുധി' എന്ന് വിളിച്ചു. ഇത് കൂടി നിന്ന നൂറുകണക്കിനാളുകള്‍ ഏറ്റ് വിളിച്ചു. അങ്ങനെ പയ്യന്നൂര്‍ ടൗണ്‍ബാങ്ക് ചെറുപുഴ ശാഖ മാനേജര്‍ പയ്യന്നൂര്‍ സുധി 'വാദ്യാചാര്യ പയ്യന്നൂര്‍ സുധി'യായി. ഗുരുവും മാര്‍ഗദര്‍ശ്ശിയുമായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും, പ്രസിദ്ധ കഥകളി നടന്‍ ടി.ടി. കൃഷ്ണനും ചേര്‍ന്ന് കൈവള പയ്യന്നൂര്‍ സുധിയുടെ വലതു കൈയ്യില്‍ അണിയിച്ചു. പയ്യന്നൂര്‍ ഫോക്‌ലാന്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങിന് വാദ്യരംഗത്തെയും, കഥകളി രംഗത്തെയും കലാകാരന്മാരുള്‍പ്പെടെ നൂറ്കണക്കിനാളുകള്‍ സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് നടന്ന അനുമോദനയോഗത്തില്‍ ഫോക്‌ലാന്റ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേരള ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍ അനുമോദനസദസ്സ് ഉദ്ഘാടനം ചെയ്തു. പത്മശ്രീ. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ മുഖ്യപ്രഭാഷണം നടത്തി. കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ സോപാനസംഗീതം ആലപിച്ചു. 'വാദ്യാചാര്യ പയ്യന്നൂര്‍ സുധി' നന്ദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.