ക്ഷേത്രഭരണം വിശ്വാസികള്‍ക്ക് തിരികെ നല്‍കണം: ശശികല ടീച്ചര്‍

Monday 29 May 2017 9:35 pm IST

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ ഹിന്ദു അവകാശസംരക്ഷണ മാര്‍ച്ചിന്സംസ്ഥാന അധ്യക്ഷ കെ.പി. ശശികല നേതൃത്വം നല്‍കുന്നു

തിരുവനന്തപുരം: ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് തിരികെ നല്‍കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ഹിന്ദു അവകാശ സംരക്ഷണ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ.പി. ശശികല.

ഹിന്ദുസമൂഹത്തെ രണ്ടാംകിട പൗരന്മാരായി കാണുന്ന സര്‍ക്കാര്‍ സമീപനം തിരുത്തണം. ക്ഷേത്ര സ്വത്ത് കയ്യടക്കുക എന്ന ലക്ഷ്യത്തോട് മാത്രമാണ് അവിശ്വാസികളായ കമ്യൂണിസ്റ്റുകാര്‍ ക്ഷേത്രഭരണം പിടിച്ചെടുക്കുന്നത്. ബീഫ് നിരോധിച്ചു എന്ന് പറഞ്ഞ് സമരം ചെയ്യുന്നവര്‍ പട്ടിണികിടക്കുന്നവര്‍ക്ക് വേണ്ടി എന്തുകൊണ്ട് സമരം ചെയ്യുന്നില്ല എന്ന് അവര്‍ ചോദിച്ചു.

ക്രിസ്തീയതയെ നോവിക്കുന്നു എന്ന ആരോപണത്തില്‍ ‘പിതാവും പുത്രനും’എന്ന സിനിമ വര്‍ഷങ്ങളായി പെട്ടിയില്‍ ഇരിക്കുമ്പോഴാണ് മഹാഭാരതത്തിന് വേണ്ടി മുറവിളികൂട്ടുന്നത.് ഒരുതുണ്ട് ഭൂമിയില്ലാതെ ആയിരങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ഭരണസിരാകേന്ദ്രത്തിന് ചുറ്റും നൂറുകണക്കിന് ഏക്കര്‍ഭൂമിയാണ് വിവിധ ആരാധനാനലയങ്ങളുടെ മറവില്‍ കയ്യേറിയിരിക്കുന്നതെന്നും ശശികല പറഞ്ഞു.

ഭൂരഹിതര്‍ക്കുള്ള മിച്ചഭൂമി ഇനിയും വിതരണം ചെയ്തില്ലെങ്കില്‍ അത്തരം ഭൂമി കണ്ടെത്തി വീടുകള്‍ വയ്ക്കുമെന്ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍ മാസ്റ്റര്‍ പറഞ്ഞു.

വിവിധ ഹിന്ദു സംഘടനാ നേതാക്കളായ കെ.വി.ശിവന്‍, കെ.എം.ശിവശങ്കരന്‍, വേണു കെ.ജി.പിള്ള, പി.മുണ്ടിയമ്മ, കെ.കൃഷ്ണകുമാര്‍, തഴവാ സുഗതന്‍, പി.കെ.ബാഹുലേയന്‍, കെ.എം.വേലായുധന്‍, അഡ്വ.വി.പത്മനാഭന്‍, പാച്ചല്ലൂര്‍ ശ്രീനിവാസന്‍, കെ.വാസുദേവന്‍, ആര്‍.എസ്.മണിയന്‍, മോഹനന്‍ ത്രിവേണി, ഹിന്ദുഐക്യവേദി നേതാക്കളായ ഇ.എസ്.ബിജു, കെ.പി.ഹരിദാസ്, ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം, ആര്‍.വി.ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.