കാലിവില്പ്പന നിയന്ത്രണം കേന്ദ്രത്തിന്റെ വിശദീകരണം തേടി

Monday 29 May 2017 10:59 pm IST

കൊച്ചി: കാലിച്ചന്തകളില്‍ അറവുമാടുകളെ വില്ക്കുന്നത് വിലക്കിയതു ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി.ജി. സുനില്‍ നല്‍കിയ ഹര്‍ജിയിലാണിത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മേയ് 23 ലെ ഉത്തരവ് സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കന്നുകാലികളുടെ സംരക്ഷണം, കന്നുകാലി സമ്പത്ത് വര്‍ധിപ്പിക്കല്‍, വെറ്ററിനറി പരിശീലനം, കന്നുകാലി വിപണനം തുടങ്ങിയവ ഭരണഘടനയനുസരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയിലുള്ളവയാണ്. ഇതു മറികടന്നാണ് കേന്ദ്രം ഉത്തരവ് നല്‍കിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയാനുള്ള നിയമത്തിലെ 11 -ാം വകുപ്പിലെ മൂന്നാം ഉപ വകുപ്പില്‍ ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്ട് നിലവിലിരിക്കെ ഭേദഗതിയില്ലാതെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് കൊണ്ടുവന്നത് നിയമ വിരുദ്ധമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ നിന്ന് ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ബീഹാര്‍ അടക്കം മൂന്നു സംസ്ഥാനങ്ങളില്‍ കന്നുകാലികളെ കൊല്ലുന്നത് തടയുന്ന നിയമം കൊണ്ടുവന്നത് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചിട്ടുണ്ട്. ഭരണഘടനയുടെ നിര്‍ദേശക തത്ത്വങ്ങളില്‍ മൃഗസംരക്ഷണം ഉള്‍പ്പെടുമെന്നതിനാല്‍ നിയമം കൊണ്ടുവരാനും ഉത്തരവു നല്‍കാനും കേന്ദ്രത്തിന് അധികാരമുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഹാജരാക്കേണ്ടതുണ്ടെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റിയത്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ഉത്തരവ് സംസ്ഥാനത്തെ മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുമെന്നും വ്യത്യസ്ത മതങ്ങളിലുള്ളവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഹൈബി ഈഡന്‍ എംഎല്‍എ, കലൂര്‍ മാര്‍ക്കറ്റിലെ ഇറച്ചിക്കച്ചവടക്കാരനായ കെ.യു. കുഞ്ഞുമുഹമ്മദ് എന്നിവരും കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച വീണ്ടും വാദം കേള്‍ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.