പൂര്‍വ്വ സൈനിക പരിഷത്തിന്റെ പ്രതിഷേധ മാര്‍ച്ച്

Monday 29 May 2017 11:02 pm IST

തിരുവനന്തപുരം: സൈനികര്‍ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പൂര്‍വ്വ സൈനിക സേവാപരിഷത്തും ബിജെപി വിമുക്തഭട സെല്ലും സംയുക്തമായി സെക്രേട്ടറിയറ്റ് മാര്‍ച്ച് നടത്തി. പൂര്‍വ്വസൈനിക സേവാ പരിഷത്ത് സംസ്ഥാന രക്ഷാധികാരി കേണല്‍ ആര്‍.ജി. നായര്‍ ഉദ്ഘാടനം ചെയ്തു. പ്രതികൂല കാലാവസ്ഥയിലും രാജ്യത്തിനായി കാവല്‍ നില്‍ക്കുന്ന സൈനികരെ കൊലപാതകികളും ബലാത്സംഗം ചെയ്യുന്നവരുമായി ചിത്രീകരിക്കുന്ന തരത്തിലുള്ള പ്രസ്താവന അപലപനീയമാണ്. മുഖ്യമന്ത്രി ഇടപെട്ട് പാര്‍ട്ടി സെക്രട്ടറിയെ നിലക്കു നിര്‍ത്തണം. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്തിരുന്ന് രാജ്യത്തെ സംരക്ഷിക്കുന്ന സൈനികര്‍ക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് കോടിയേരി മാപ്പുപറയണമെന്നു കേണല്‍ ആര്‍.ജി. നായര്‍ ആവശ്യപ്പെട്ടു. ബിജെപി വിമുക്തഭട സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കേണല്‍ എന്‍.പി. ചന്ദ്രന്‍, പൂര്‍വ്വ സൈനിക സേവാപരിഷത്ത് സംസ്ഥാന സെക്രട്ടറി ക്യാപ്റ്റന്‍ ഗോപകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി വി. വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വസൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ഡിജിപിക്ക് നിവേദനം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.