കശാപ്പ് നിയന്ത്രണം: ഭേദഗതി വരുത്തില്ലെന്ന് കേന്ദ്രം

Tuesday 30 May 2017 10:19 am IST

ന്യൂദല്‍ഹി: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ചട്ടത്തില്‍ ഭേദഗതി വരുത്തില്ലെന്ന് കേന്ദ്രം. നിയന്ത്രണത്തില്‍ നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുന്നതിന് ഇപ്പോള്‍ യാതൊരു തീരുമാനവും ഇല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരുകയാണെന്നും മന്ത്രാലയ സെക്രട്ടറി എ.എന്‍. ഝാ പറഞ്ഞു. മന്ത്രാലയം പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തില്‍ പശു, കാള, പോത്ത്, എരുമ, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നിവയാണ് കന്നുകാലി നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഭേദഗതി കൊണ്ടുവരാനാണ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ജനുവരിയില്‍ കരട് വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയപ്പോള്‍ ആരും എതിര്‍പ്പ് ഉന്നയിച്ചില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കരട് വിജ്ഞാപനത്തില്‍ പ്രതികരിച്ച 13 പേരും പുതിയ നിയന്ത്രണങ്ങളെ പിന്തണയ്ക്കുകയാണ് ചെയ്തത്. ഇതേ തുടര്‍ന്നാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.