ഗര്‍ഭകാലം ആസ്വദിക്കാം

Tuesday 30 May 2017 6:13 pm IST

ഗര്‍ഭകാലം നിരവധി സംശയങ്ങളുടേയും ചോദ്യങ്ങളുടേയും കാലമാണ്. പലതും തെറ്റിദ്ധാരണകള്‍. ഗര്‍ഭകാലത്ത് എന്തു കഴിക്കണം, എത്ര കഴിക്കണം, മരുന്നു കഴിക്കാമോ, വ്യായാമം ചെയ്യാമോ, എന്നെല്ലാമാണ് സംശയങ്ങള്‍. ഇതിന് ഉത്തരം തേടിയാല്‍ പല രീതിയിലാവും ഉത്തരം കിട്ടുക. ഇതുവരെയുള്ള ജീവിതശൈലി പാടേ മാറ്റണമെന്നാണ് പലരുടേയും ധാരണ. ഭക്ഷണം, മരുന്ന്, വ്യായാമം ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടി ശ്രദ്ധ, കരുതല്‍ ഇവയുണ്ടായാല്‍ മാത്രം മതി. ഗര്‍ഭിണികള്‍ നല്ല ഭക്ഷണം കഴിക്കേണ്ടത് കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഭക്ഷണത്തിന്റെ കുറവുമൂലം ഗര്‍ഭകാല വിളര്‍ച്ച, ഉയര്‍ന്ന രക്തസമ്മര്‍ദം, മാനസിക നിലയിലെ വ്യത്യാസങ്ങള്‍, കാലിലെ കോച്ചിപ്പിടുത്തം, നീരുവയ്ക്കല്‍ ഇവയെല്ലാം സംഭവിക്കാനിടയുണ്ട്. പ്രോട്ടീനും വിറ്റമിനുകളും മിനറല്‍സുമെല്ലാം ധാരാളം അടങ്ങിയ ഭക്ഷണം ഗര്‍ഭകാലത്ത് കഴിക്കാം. ഗര്‍ഭത്തിന്റെ രണ്ടാംഘട്ടത്തില്‍ സാധാരണയായി കഴിക്കുന്ന ഭക്ഷണത്തിനു പുറമേ ദിവസം 300 കാലറി ഭക്ഷണം കൂടുതലായി കഴിക്കേണ്ടതുണ്ട്. മൂന്നാംഘട്ടത്തില്‍ അത് ദിവസം 200 കാലറിയായി കുറയ്ക്കാം. 300 കാലറി എന്നാല്‍ ഏകദേശം രണ്ട് ഇഡ്ഡലിയും കറിയും ചേരുന്ന അത്ര അളവ്. പോഷകങ്ങള്‍ അടങ്ങിയ ബ്രേക്ക്ഫാസ്റ്റ് ഊര്‍ജനഷ്ടം പരിഹരിച്ച് ശരീരത്തിന് ഉന്മേഷം പകര്‍ന്നു നല്‍കും. പഴങ്ങളും പച്ചക്കറികളും നട്‌സും അടങ്ങിയ ഹെല്‍ത്തി സ്‌നാക്‌സ് ഇടയ്ക്കിടെ കഴിക്കാം. വെജിറ്റേറിയന്‍ ഭക്ഷണം ശീലിച്ചവര്‍ ഗര്‍ഭിണിയാവുന്നതോടെ അതുപേക്ഷിക്കേണ്ടതില്ല. ഒരുകപ്പ് പാല്‍ അധികമായി കുടിക്കുകയോ സോയാ ഉല്‍പന്നങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം. ധാരാളം ഇലക്കറികളും കഴിക്കേണ്ടതുണ്ട്. വിശപ്പാണ് കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു നിശ്ചയിക്കുന്നത്. എന്നാല്‍ അമിതഭക്ഷണം ശരീരഭാരം കൂടുന്നതിനും നടുവേദന, കാലുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരും. കുഞ്ഞിന് അമിതഭാരം ഉണ്ടാവുന്നത് സിസേറിയന്‍ അനിവാര്യമാക്കി മാറ്റും. എട്ടു മുതല്‍ പതിനഞ്ചു കിലോ വരെ ശരീരഭാരമാണ് ഗര്‍ഭകാലത്ത് ആനുപാതികമായി വര്‍ധിക്കേണ്ടത്. ഗര്‍ഭിണിയാവും മുമ്പുതന്നെ അമിതമായ ശരീരഭാരമുള്ളവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ക്രമീകൃതഭക്ഷണം കഴിക്കുക. ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളും വൃത്തിയാക്കാത്ത പഴങ്ങളും പച്ചക്കറികളും തിളപ്പിക്കാത്ത പാല്‍ തുടങ്ങിയവ ഒഴിവാക്കണം. ഗര്‍ഭകാലത്തിന്റെ ആദ്യഘട്ടത്തിലുണ്ടാവുന്ന ഭക്ഷണത്തോടുള്ള മടുപ്പ് ആവശ്യമുള്ള പോഷകങ്ങള്‍ ശരീരത്തിനു ലഭിക്കാതിരിക്കാന്‍ കാരണമാവാം. ഭക്ഷണക്രമത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ വൈറ്റമിന്‍ ഗുളികകള്‍ അത്യാവശ്യമാണ്. അയേണ്‍, ഫോളിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ കുഞ്ഞിന്റെ ശാരീരിക മാനസിക വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ഇരുമ്പിന്റെ അഭാവം വിളര്‍ച്ചയ്ക്കും ഗര്‍ഭകാലത്തെ അമിതരക്തസ്രാവത്തിനും കാരണമായി മാറാം. കുഞ്ഞിന്റെ ഹൃദയത്തിന്റെയും ഞരമ്പുകളുടെയും വികാസത്തിനും എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കാത്സ്യം ആവശ്യമുണ്ട്. കുഞ്ഞിന്റെ നട്ടെല്ലു രൂപപ്പെടുന്ന ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തിലാണ് ഫോളിക് ആസിഡ് ആവശ്യമായി വരുന്നത്. അയണ്‍ ഗുളികകള്‍ ചിലപ്പോള്‍ വയറ്റില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം. ഇതൊഴിവാക്കാന്‍ അയണ്‍ ഗുളികകള്‍ ഭക്ഷണം കഴിച്ചയുടനെ കഴിക്കുക. കൂടുതല്‍ അസ്വസ്ഥതകളുണ്ടെങ്കില്‍ ഡോക്ടറോടു സംസാരിച്ച് മരുന്നിന്റെ ഡോസ് അല്‍പം കുറയ്ക്കാം. പതിവായുള്ള വ്യായാമം പ്രസവത്തിന്റെ ആയാസം കുറയ്ക്കും. ഒപ്പം ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടു കയും ചെയ്യും. യോഗ, നടപ്പ്, നീന്തല്‍, ഇന്‍ഡോര്‍സൈക്ലിങ് ഇതെല്ലാം ചെയ്തുകൊണ്ടിരുന്നവര്‍ക്ക് ഗര്‍ഭിണി ആയ ശേഷവും തുടരാം. മുമ്പ് വ്യായാമം ചെയ്തു ശീലമില്ലാത്തവര്‍ക്കും പ്രസവം എളുപ്പമാക്കാന്‍ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാം. എന്നാല്‍, പുതിയ വ്യായാമ ശീലങ്ങള്‍ ഡോക്ടറോടു സംസാരിച്ചശേഷം മാത്രം ചാര്‍ട്ടു ചെയ്യുക. വേദനകളോ അമിതക്ഷീണമോ ശ്വാസംമുട്ടലോ അനുഭവപ്പെടുന്നെങ്കില്‍ വ്യായാമം നിറുത്താം. വ്യായാമം പുതിയതായി ആരംഭിക്കുമ്പോള്‍ വളരെ കുറച്ചു സമയം മാത്രം ചെയ്യുകയും പിന്നീട് സമയം ദീര്‍ഘിപ്പിക്കുകയും വേണം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.