പാസഞ്ചര്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Tuesday 30 May 2017 8:39 pm IST

ചേര്‍ത്തല: തീരദേശ പാതയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ വൈകിയോടുന്നു. യാത്രക്കാര്‍ ദുരിതത്തില്‍. സമയ നിഷ്ഠത പാലിക്കാന്‍ കഴിയില്ലെങ്കില്‍ സീസണ്‍ ടിക്കറ്റ് വാങ്ങിയിട്ടുള്ളവര്‍ക്ക് പണം തിരികെ നല്‍കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ സംഘടനയായ റെയില്‍വെ പാസഞ്ചേഴ്‌സ് അസോസിയേഷനും രംഗത്തെത്തി. ഉദ്യോഗസ്ഥരടക്കമുള്ള പതിവു യാത്രക്കാര്‍ക്ക് രാവിലെ എട്ടിന് ശേഷം ആലപ്പുഴയിലോ എറണാകുളത്തോ എത്താനുള്ള എളുപ്പ മാര്‍ഗമാണ് പാസഞ്ചര്‍ ട്രെയിന്‍. ഇവ വൈകി ഓടുന്നതുമൂലം ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കും ഓഫീസിലെത്താന്‍ ബസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. സീസണ്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇത് വലിയ സാമ്പത്തിക, സമയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ആലപ്പുഴയില്‍ നിന്നും എറണാകുളത്ത് നിന്നും വണ്ടി പുറപ്പെടുന്നതിലുണ്ടാകുന്ന കാലതാമസമാണ് യാത്രക്കാരെ വലക്കുന്നത്. ജനശതാബ്ദി എക്‌സ്പ്രസ് കടന്ന് പോകുന്നതിന് വേണ്ടി പതിവായി പാസഞ്ചര്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതാണ് തങ്ങളുടെ ദുരിതത്തിന് കാരണമാകുന്നതെന്നാണ് യാത്രക്കാരുടെ പരാതി. മറ്റ് ട്രെയിനുകള്‍ കടന്നുപോകുന്നതിനായി പാസഞ്ചര്‍ പിടിച്ചിടുന്നത് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നെങ്കിലും വീണ്ടും ഇത് പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി. മെമു ട്രെയിന്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമല്ലാത്ത സമയത്താണ് സര്‍വീസ് നടത്തുന്നതെന്ന് തുടക്കത്തിലേ വിമര്‍ശനം ഉയര്‍ന്നിരുന്നു. തങ്ങളുടെ നിരന്തരമായ പരാതി അവഗണിക്കുന്നതിനെതിരെ യാത്രക്കാര്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.