അദ്ദേഹം രാജിക്കത്ത്‌ നല്‍കി. ദുരിതമാവുന്ന 'മാപ്പ്‌' പദ്ധതി

Tuesday 12 July 2011 9:48 pm IST

ഏതു പദ്ധതിയും പ്രഖ്യാപിക്കാന്‍ വളരെ എളുപ്പമാണ്‌. എന്നാല്‍ അത്‌ പ്രവൃത്തിപഥത്തില്‍ എത്തിക്കുക അതീവദുഷ്കരവും. അതിന്റെ ഉദാത്തമാതൃകയാണ്‌ കോഴിക്കോട്‌ നഗരത്തിലെ 'മാപ്പ്‌' പദ്ധതി. ജനങ്ങളെ മുഴുവനും ദുരിതത്തിലാഴ്ത്തിക്കൊണ്ടുള്ള ഒരു ഏര്‍പ്പാടായി മേല്‍സംഗതി മാറിക്കഴിഞ്ഞു. ദിനേനെ ഇതിന്റെ ഭീഷണി കൂടുകയല്ലാതെ കുറയുന്നില്ല എന്നതത്രേ ഖേദകരമായ വസ്തുത. ജനകീയ മുന്നേറ്റത്തിലൂടെ പ്ലാസ്റ്റിക്‌ മാലിന്യമുക്ത ജില്ലയും നഗരവും ആക്കാനുള്ള അധികൃതരുടെ പദ്ധതിയായിരുന്നു പ്ലാസ്റ്റിക്‌ മാലിന്യ വിമുക്ത കോഴിക്കോട്‌ പദ്ധതി (മാപ്പ്‌). എന്നാല്‍ ഇന്ന്‌ സമൂഹത്തിനു മുമ്പില്‍ ഇതൊരു തീരാ ദുരിതമായിമാറിക്കഴിഞ്ഞു.
കോഴിക്കോട്‌ കളക്ടര്‍ പി.ബി.സലീമിന്റെ ബുദ്ധിയിലുദിച്ച അതിനൂതനവും മനോഹരവുമായ ഒരു പദ്ധതിയായിരുന്നു മാപ്പ്‌. ആറരമാസം മുമ്പ്‌ ജനു.30നാണ്‌ വിവിധ പരിപാടികളിലൂടെ ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടത്‌. എല്ലാവരും സഹര്‍ഷം ഈ പദ്ധതിയെ വരവേറ്റു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം സമൂഹത്തിന്‌ എത്രമാത്രം മാരകമായ പ്രത്യാഘാതങ്ങളാണ്‌ ഉണ്ടാക്കുന്നത്‌ എന്നതിനെക്കുറിച്ച്‌ സെമിനാറും ചര്‍ച്ചകളും മറ്റും നടന്നു. സാങ്കേതികവും ശാസ്ത്രീയവുമായ പ്ലാസ്റ്റിക്‌ നിര്‍മാര്‍ജ്ജന വ്യവസ്ഥകളെക്കുറിച്ച്‌ ഗംഭീരപരിപാടികളും ഒപ്പമുണ്ടായി. സ്കൂള്‍ മതിലുകളില്‍ ഉള്‍പ്പെടെ ഇതിനെക്കുറിച്ച്‌ വ്യാപകമായി ചുമരെഴുത്തും നടന്നു.
പ്ലാസ്റ്റിക്‌ ഭീകരനില്‍ നിന്ന്‌ സമൂഹത്തിന്‌ മോചനമുണ്ടാവുമെന്ന്‌ സകലരും വിശ്വസിച്ചു. എന്നാല്‍ ആരംഭശൂരത്വത്തില്‍ ഇതൊക്കെ ഒടുങ്ങുകയായിരുന്നു. ഭീകരമായ ആപത്തില്‍ നിന്ന്‌ സമൂഹത്തെ രക്ഷിക്കാന്‍ ആത്മാര്‍ഥമായി ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും രംഗത്തിറങ്ങിയെങ്കിലും തുടര്‍നടപടികളിലെ അനവധാനതയും താല്‍പര്യക്കുറവും മൂലം പണ്ടത്തെക്കാള്‍ ഭീഷണമായ അവസ്ഥയാണുണ്ടായിരിക്കുന്നത്‌. ആര്‍ക്കുവേണ്ടിയാണ്‌ ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്ത്‌ നടപ്പാക്കിയതെന്നതിനെക്കുറിച്ച്‌ ബന്ധപ്പെട്ടവര്‍ക്കുപോലും ഒരു പിടിപാടുമില്ലാതെ പോവുകയായിരുന്നു.
നേരത്തെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൊണ്ട്‌ വലിയ പ്രശ്നങ്ങളില്ലാതെ പോയിരുന്നുവെങ്കില്‍ ഇന്നത്തെ അവസ്ഥ ആരിലും ഭീതിജനിപ്പിക്കുന്നതാണ്‌. നഗരത്തിലെ മുക്കും മൂലയും വരെ പ്ലാസ്റ്റിക്‌ മാലിന്യം കൊണ്ട്‌ നിറഞ്ഞുകഴിഞ്ഞു. വഴി നടക്കാനോ വാഹനങ്ങള്‍ക്ക്‌ പോകാനോ കഴിയാത്ത രീതിയില്‍ പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ കൂമ്പാരമാണെങ്ങും. നഗരത്തിലെ പ്രധാന ഇടങ്ങളായ മാനാഞ്ചിറ പരിസരം, ബീച്ച്‌ ലൈതൗസ്‌, മാങ്കാവ്‌ പാലത്തിനടുത്ത കടവ്‌, പുതിയറ എസ്‌.കെ.പൊറ്റക്കാട്‌ പാര്‍ക്ക്‌, പുതിയങ്ങാടിബസാര്‍, നഗരം പോലീസ്സ്സ്റ്റേഷന്‍, കാളൂര്‍റോഡ്‌ ബസ്സ്സ്റ്റോപ്പ്‌ തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥിതി ഭയാനകമാണ്‌. പ്ലാസ്റ്റിക്‌ കവറിനുള്ളില്‍ മറ്റ്‌ വീട്ടുമാലിന്യങ്ങള്‍ കൂടി കൊണ്ടുവന്നിടുന്നതോടെ പരിസരത്തൊന്നും നില്‍ക്കാന്‍ പറ്റാത്ത അന്തരീക്ഷമായിരിക്കുന്നു.
ഇതിന്റെ ഫലമായി തെരുവുനായ്ക്കളും സംഘം ചേര്‍ന്ന്‌ ജനങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. കുടിവെള്ളം മലിനമാകുന്ന തരത്തില്‍ കാക്കകളും മറ്റും മലിന വസ്തുക്കള്‍ കൊത്തിക്കൊണ്ടിടുകയും ചെയ്യുന്നു. പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അത്‌ സംസ്കരിക്കാനും വിഭാവനം ചെയ്ത പദ്ധതി വഴിതെറ്റിപ്പോകാന്‍ കാരണമെന്തെന്നറിയില്ല. കോര്‍പറേഷനാണെങ്കില്‍ ഇതൊന്നും കണ്ടതായിപോലും നടിക്കുന്നില്ല. മാലിന്യ നിര്‍മാര്‍ജനം സ്തുത്യര്‍ഹമായ വിധത്തില്‍ നടത്തിയിരുന്ന കുടുംബശ്രീ സംവിധാനം ആകെ താളംതെറ്റിയ നിലയിലാണ്‌. വീടുകളില്‍ വന്ന്‌ മാലിന്യം ശേഖരിക്കുന്ന സംവിധാനം നിലവില്‍ വന്നതോടെ സ്വന്തം വീടുകളില്‍ നടക്കാറുണ്ടായിരുന്ന പരിമിതമായ സംസ്കരണ സ്വഭാവവും ജനങ്ങള്‍ക്കില്ലാതെയായി.
മാലിന്യനിര്‍മാര്‍ജനം ബന്ധപ്പെട്ട ഭരണകൂടത്തിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന നിലയിലേക്ക്‌ പൊതുസമൂഹത്തിന്റെ സ്വഭാവവും പരിമിതപ്പെട്ടു. അധികൃതരുടെ ഭാഗത്തിനിന്ന്‌ അതിനനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ഇല്ലാതായതൊടെ മൊത്തം സംസ്കാരവും മാറി. ഏതുദ്യോഗസ്ഥനും എത്ര പദ്ധതികള്‍ വേണമെങ്കിലും വിഭാവനം ചെയ്യാനും പ്രഖ്യാപിക്കാനും കഴിയും. പക്ഷേ അത്‌ നടപ്പില്‍ വരുത്താനും മുന്നോട്ടുകൊണ്ടുപോകാനും കഴിവുവേണം, ഇച്ഛാശക്തിവേണം. ഇത്തരം പദ്ധതികള്‍ കൈയടിനേടാന്‍ വേണ്ടി പ്രയോഗിക്കേണ്ടതല്ല. ഒറ്റയ്ക്കത്‌ നടപ്പാക്കാനും കഴിയില്ല. വേണ്ട മുന്നൊരുക്കങ്ങളും ജനപിന്തുണയും ആയതിന്‌ ആവശ്യമാണ്‌. പ്ലാസ്റ്റിക്‌ വിപത്ത്‌ തടയാന്‍ ഉദ്ദേശിച്ചു നടപ്പാക്കിയ പദ്ധതി തികച്ചും നൂതനമായ ഒന്നായിരുന്നു. പക്ഷേ, ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ കഴിയാത്തതുകൊണ്ടും പദ്ധതി നടത്തിപ്പിലെ താളപ്പിഴകൊണ്ടും ആ പദ്ധതി തന്നെ സമൂഹത്തിന്‌ വന്‍ ഭീഷണിയായിരിക്കുകയാണ്‌. കോഴിക്കോടിന്റെ തീരാ ശാപമായ ഞെളിയന്‍പറമ്പിനെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കെ നഗരത്തിലെമ്പാടും കൂടുതല്‍ ഞെളിയന്‍ പറമ്പുകള്‍ ഉണ്ടാകാന്‍ മാപ്പ്‌ പദ്ധതി ഉപകരിച്ചു എന്നാക്ഷേപിച്ചാല്‍ പോലും തെറ്റില്ല.
കോഴിക്കോടിന്‌ അതിന്റെ മുഖസൗന്ദര്യവും വൈകാരിക സൗന്ദര്യവും വീണ്ടെടുക്കാന്‍ സാധിക്കണമെങ്കില്‍ മാപ്പ്‌ പദ്ധതിയുള്‍പ്പെടെയുള്ളവയുടെ അലകും പിടിയും മാറ്റേണ്ടിവരും. അതിന്‌ ജനകീയ പങ്കാളിത്തം അനിവാര്യമാണ്‌. ബോധവല്‍ക്കരണം ആവശ്യമാണ്‌. ശുചിത്വബോധത്തിലും വൃത്തിയിലും മേനിനടിക്കുന്ന സമൂഹമാണ്‌ കേരളത്തിലുള്ളത്‌. എന്നാല്‍ സ്വന്തം ദേഹവും പുരയിടവും മാത്രം വൃത്തിയുള്ളതാകണം എന്ന സ്വാര്‍ത്ഥതാല്‍പര്യത്തിലേക്ക്‌ അത്‌ ചുരുങ്ങിപ്പോയിരിക്കുന്നു. ആ സ്ഥിതിമാറണം. സ്വന്തം പുരയിടത്തിലെ മാലിന്യങ്ങള്‍ പൊതുറോഡിലും അന്യന്റെ പുരയിടത്തിലും വലിച്ചെറിഞ്ഞുകൊണ്ടുള്ള ശുചിത്വബോധം രാക്ഷസീയമാണെന്ന തിരിച്ചറിവുണ്ടാകണം. അങ്ങനെയുണ്ടായാല്‍ മാത്രമേ ഇത്തരം പദ്ധതികള്‍ പൂര്‍ണ വിജയത്തിലെത്തുകയുള്ളു. ബോധവല്‍ക്കരണവും ഒപ്പം പിഴയുള്‍പ്പെടെയുള്ള കര്‍ക്കശനടപടികളും ഗുണപരമായ മാറ്റത്തിന്‌ ഇടവരുത്തും. അല്ലാതുള്ള ഏതു പദ്ധതിയും കൂനിന്‍മേല്‍ കുരുവാകുകയേ ഉള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.