ആലപ്പുഴ: പുത്തനുടുപ്പും പുസ്തകങ്ങളുമായി അക്ഷരലോകത്തേക്ക് എത്തുന്ന കുരുന്നുകളെ മധുരം നല്കി സ്വീകരിക്കാന്‍ സ്കൂളുകള്‍ ഒരുങ്ങി. പെയിന്റടിച്ചും ചുമരുകളില്‍ ചിത്രങ്ങള്‍ തീര്‍ത്തും കുട്ടികളെ കാത്തിരിക്കുകയാണ് സ്കൂളുകളും അദ്ധ്യാപകരും.
മേയ് 23 വരെ 9,346 പേര് ജില്ലയില്‍ ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന് പറഞ്ഞു. 4,606 ആണ്‍കുട്ടികളും 4740 പെണ്‍കുട്ടികളും പ്രവശേനം നേടി. കഴിഞ്ഞ വര്‍ഷം 12,874 കുട്ടികളാണ് ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത്. 6257 ആണ്‍കുട്ടികളും 6617 പെണ്‍കുട്ടികളും. പ്രവേശനം തുടരുന്നതിനാല്‍ എണ്ണം ഇനിയും വര്‍ധിക്കും.
നിലവില്‍ ചേര്‍ത്തല എഇഒ ഓഫീസിനു കീഴിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാംക്ലാസ് പ്രവേശനത്തിനെത്തുന്നത്. 1,699 പേര്. ആലപ്പുഴയില്‍ 1,467 പേരും തുറവൂരില്‍ 1,251 പേരും കായംകുളത്ത് 1,111 പേരും അമ്പലപ്പുഴയില്‍ 983 പേരും പ്രവേശനം നേടിക്കഴിഞ്ഞു. ഹരിപ്പാട്-553, മാവേലിക്കര-479, ചെങ്ങന്നൂര്‍-369, മങ്കൊമ്പ്-347, തലവടി-285 എന്നിങ്ങനെയാണ് ഒന്നാംക്ലാസ് പ്രവേശനം നേടിയവരുടെ എണ്ണം.
അണ് എയിഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ ലിസ്റ്റ് ഒഴികെയുള്ള കണക്കാണിത്.
ജില്ലയില്‍ കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ 1,79,164 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. 89,852 ആണ്‍കുട്ടികളും 89,312 പെണ്‍കുട്ടികളും. സര്‍ക്കാര്‍ സ്കൂളുകളില്‍ കഴിഞ്ഞവര്‍ഷം 51,354 പേര് പഠിച്ചപ്പോള്‍ എയ്ഡഡ് മേഖലയില്‍ 1,17,369 പേരും അണ്‍എയ്ഡഡ് മേഖലയില്‍ 10,441 പേരുമാണ് പഠിച്ചത്.
സ്കൂള്‍ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം പറവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നാളെ രാവിലെ ഒമ്പതിന് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: