മുംബൈ മോഡലില്‍ മറ്റൊരു ആക്രമണത്തിനും പദ്ധതിയിട്ടിരുന്നു

Friday 6 July 2012 9:24 pm IST

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്‌ സമാനമായ രീതിയില്‍ മറ്റൊരു ആക്രമണത്തിന്‌ പദ്ധതിയിട്ടിരുന്നതായി പുതിയ വെളിപ്പെടുത്തല്‍. ഇന്ത്യന്‍ മുജാഹിദിനുമായി ചേര്‍ന്ന്‌ ആക്രമണം നടത്താനാണ്‌ ലഷ്കര്‍ പദ്ധതിയിട്ടിരുന്നതെന്ന്‌ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്‌ പിടിയിലായ അബു ജുണ്ടാല്‍ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരോട്‌ വെളിപ്പെടുത്തി. കഴിഞ്ഞ പതിനഞ്ച്‌ ദിവസമായി ജുണ്ടാലിനെ ചോദ്യം ചെയ്തുവരികയാണ്‌. ലഷ്കറെ തൊയ്ബക്ക്‌ ഇന്ത്യന്‍ മുജാഹിദുമായി അടുത്ത ബന്ധമുള്ളതായും അന്വേഷണ ഉദ്യോഗസ്ഥരോട്‌ ജുണ്ടാല്‍ പറഞ്ഞു. ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ലഷ്കറിന്റെ സഹായത്തോടെ സഹായത്തോടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ രൂപീകരിച്ചിരുന്നതായും ജുണ്ടാല്‍ വെളിപ്പെടുത്തി.
മുംബൈ ഭീകരാക്രമണത്തിന്‌ സമാനമായ മറ്റൊരു ഭീകരാക്രമണം ഇന്ത്യയില്‍ നടത്തുവാന്‍ ലഷ്കറിന്റെ സഹായത്തോടെ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചിരുന്നതായി ജുണ്ടാല്‍ പറഞ്ഞു. എല്‍ടിടിഇയും ഐമ്മും ചേര്‍ന്ന്‌ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇപ്പോഴും പദ്ധതിയിടുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു.
ജൂണ്‍ 21 നാണ്‌ ജുണ്ടാലിനെ അറസ്റ്റ്ചെയ്തത്‌. ദല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്‌ 15 ദിവസത്തെ കസ്റ്റഡിയില്‍ വിട്ട ജുണ്ടാലിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കിയ ജുണ്ടാലിനെ 15 ദിവസത്തേക്കുകൂടി പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു.
2009 മാര്‍ച്ച്‌ 30 ലെ ലാഹോറിലെ പോലീസ്‌ അക്കാദമി ആക്രമണത്തിന്‌ സമാനമായ രീതിയില്‍ മഹാരാഷ്ട്രയിലെ നാസിക്‌ പോലീസ്‌ അക്കാദമി ആക്രമിക്കാന്‍ ലഷ്കറെ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആക്രമണസംഘത്തിലെ പ്രധാനപ്പെട്ട രണ്ടുപേരെ അറസ്റ്റ്‌ ചെയ്തതിനെത്തുടര്‍ന്ന്‌ പദ്ധതി പാളിപ്പോവുകയായിരുന്നു. നിരവധി വര്‍ഷങ്ങളായി ലഷ്കറും ഇന്ത്യന്‍ മുജാഹിദ്ദിനും തമ്മിലുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ്‌ ജുണ്ടാലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ലഷ്കറെ തൊയ്ബയുടെ ഉയര്‍ന്ന റാങ്കിലുള്ളയാളാണ്‌ ജുണ്ടാല്‍. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയും പാക്‌ ഉദ്യോഗസ്ഥരുമായുള്ള ലഷ്കറിന്റെ അടുത്ത ബന്ധത്തെക്കുറിച്ചും ജുണ്ടാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മൊഴി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ മുംബൈ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്‍ പങ്കുണ്ടെന്ന്‌ ഇന്ത്യന്‍ ആരോപണം പാക്കിസ്ഥാന്‍ തള്ളിക്കളഞ്ഞിരുന്നു. ആക്രമണത്തില്‍ ഐഎസ്‌ഐക്ക്‌ പങ്കില്ലെന്നും പാക്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, കറാച്ചിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന്‌ ആക്രമണത്തെ നിയന്ത്രിച്ചത്‌ പാക്‌ സര്‍ക്കാരിന്റെ അറിവോടെയാണെന്നാണ്‌ ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാട്‌. ന്യൂദല്‍ഹിയില്‍ രണ്ട്‌ ദിവസമായി നടന്ന വിദേശകാര്യ സെക്രട്ടറിമാരുടെ യോഗത്തില്‍ ജുണ്ടാലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്ത്യ കൈമാറിയിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട സംയുക്ത അന്വേഷണത്തിനും പാക്‌ വിദേശകാര്യ സെക്രട്ടറി നിര്‍ദ്ദേശിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.