ബിഎസ്എന്‍എല്‍ 4 ജി സേവനം മാര്‍ച്ചോടെ

Tuesday 30 May 2017 11:07 pm IST

തിരുവനന്തപുരം: കേരളത്തില്‍ 2018 മാര്‍ച്ചോടെ ബിഎസ്എന്‍എല്‍ പൂര്‍ണമായും 4 ജി ശൃംഖലയിലേക്ക് മാറുമെന്ന് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍. മണി. നാലുമാസത്തിനുള്ളില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ 700 കോടിയുടെ ലാഭം നേടി. കേരളസര്‍ക്കിള്‍ മാത്രമാണ് വരുമാനത്തില്‍ കുതിച്ചുചാട്ടമുണ്ടാക്കിയത്. അഞ്ചു ശതമാനമാണ് വര്‍ധനവ്. ജിഎസ്എം മേഖലയില്‍ 10 ശതമാനവും ബ്രോഡ് ബാന്‍ഡ് രംഗത്ത് അഞ്ചു ശതമാനവും എഫ്ടിടിഎച്ച് കണക്ഷനുകള്‍ക്ക് 43 ശതമാനവും എന്റര്‍പ്രൈസസ് ബിസിനസ്സിലൂടെ 28 ശതമാനം വളര്‍ച്ച കൈവരിച്ചു. ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4 ജി സേവനം ലഭ്യമായി തുടങ്ങും. പ്രാരംഭത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാകും 4 ജി സേവനം ലഭിക്കുക. തുടര്‍ന്ന് ഘട്ടംഘട്ടമായി എല്ലാ ജില്ലാകേന്ദ്രങ്ങളെയും പ്രധാന നഗരങ്ങളെയും 4 ജി ശൃംഖലയ്ക്ക് കീഴില്‍ കൊണ്ടുവരും. ഇതിനായി ഈ സാമ്പത്തികവര്‍ഷം 2200 4ജി നെറ്റ്‌വര്‍ക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ത്രീ ജി നെറ്റ് വര്‍ക്ക് 4 ജി ആയി ഉയര്‍ത്താനുള്ള മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് 3 ജി, 2 ജി ശൃംഖലകള്‍ വിപുലീകരിക്കും. ഈ വര്‍ഷാവസാനം 90 ശതമാനം സര്‍ക്കിളുകളും 3 ജി ശൃംഖലയ്ക്കു കീഴില്‍ കൊണ്ടുവരും. 3 ജി നെറ്റ്‌വര്‍ക്കിന്റെ കവറേജും നിലവാരവും മെച്ചപ്പെടുത്തുമെന്നും ചീഫ് ജനറല്‍ മാനേജര്‍ അറിയിച്ചു. ലക്ഷദ്വീപില്‍ മൂന്നുമാസത്തിനുള്ളില്‍ പത്ത് പുതിയ 2 ജി കേന്ദ്രങ്ങളും പന്ത്രണ്ട് 3 ജി കേന്ദ്രങ്ങളും സ്ഥാപിക്കും. ഉപഗ്രഹ സാങ്കേതിക വിദ്യ വഴിയാകും പദ്ധതി നടപ്പാക്കുക. 5,000 ത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള ലക്ഷദ്വീപിലെ മുഴുവന്‍ പ്രദേശങ്ങളിലും 3 ജി സേവനം ലഭ്യമാകും. ഇടുക്കി ജില്ലയിലും നെറ്റ്‌വര്‍ക്ക് സേവനം മെച്ചപ്പെടുത്താനാവശ്യമായ നടപടി കൈക്കൊള്ളും. കേരളത്തില്‍ 10,000 പ്രൈമറി വിദ്യാലയങ്ങളില്‍ വന്‍ ആദായ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം ലഭ്യമാക്കി. 200 വൈഫൈ കേന്ദ്രങ്ങളുടെ ടെണ്ടറുമായി കേരള സര്‍ക്കാര്‍ സമീപിച്ചതായും ഇതില്‍ പങ്കാളിയാകുമെന്നും അദ്ദേഹം പറഞ്ഞു. ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍, വിശേഷിച്ചും ബിസിനസ് ഉപഭോക്താക്കള്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും പദ്ധതി നടപ്പിലാക്കാനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തുമെന്നും ആര്‍. മണി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.