ബ്രഹ്മത്തിന്റെ രൂപമാറ്റം

Wednesday 31 May 2017 9:00 pm IST

ആയിരക്കണക്കിന് പ്രപഞ്ച പ്രതിഭാസങ്ങളുണ്ട്. അവയെല്ലാം ശാസ്ത്രജ്ഞന്മാര്‍ പഠിക്കുന്നു. അവരുടെ ജ്ഞാനഭണ്ഡാരത്തിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് ഇന്നു പലരും പലതും പറയുന്നു. അതില്‍ പലതിനും നോബല്‍ സമ്മാനം വരെ ലഭിക്കുന്നു. ഏതാണ്ടെല്ലാം പിന്നീട് തിരുത്തുന്നു. അതിന് എക്‌സപ്ഷന്‍ എന്നവര്‍ പറയുന്നു. പ്രകൃതിയേയും പ്രപഞ്ചത്തേയും കുറിച്ചുള്ള ജ്ഞാനം നേടിയവരില്‍ ചിലര്‍ ധരിക്കുന്നു ഞങ്ങളാണ് ഈ നിയമസ്രഷ്ടാക്കള്‍, അതിലൂടെയാണ് പ്രകൃതിയും പ്രപഞ്ചവും ചലിക്കുന്നതും ചരിക്കുന്നതും.... എന്തൊരബദ്ധം! പ്രപഞ്ചത്തിലെ ഈ പ്രതിഭാസങ്ങള്‍ക്ക് വ്യക്തമായ വിവരണം സാധിക്കണമെങ്കില്‍ സര്‍വഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും ജ്യോതിര്‍ഗോളങ്ങളിലും ഭ്രമണം ചെയ്യുവാനും പ്രദക്ഷിണം വയ്ക്കുവാനും ആവശ്യമായ, സ്വതഃസിദ്ധമായ ഊര്‍ജ്ജവും ദിശാബോധവും ഉണ്ടെന്നറിയണം. മറ്റൊര്‍ത്ഥത്തില്‍ സര്‍വജ്യോതിര്‍ഗോളങ്ങളിലും നിലനില്‍ക്കുന്നത്, ഒരു മഹത്തായ ഊര്‍ജ്ജ ചൈതന്യത്തിന്റെ ശക്തിയും സന്ദേശവുമായാണ്. അത് ഉള്‍ക്കൊണ്ടും അനുസരിച്ചുംകൊണ്ടാണ്. അവ നിരന്തരം വ്യക്തമായ ദിശയിലൂടെ ചലനാത്മകമാകുന്നത്. ഇതാണ് മഹത്തില്‍ വച്ചേറ്റവും മഹത്തായ പ്രപഞ്ചത്തിലുള്ള ബ്രഹ്മചൈതന്യം. (ഇതേ ഉപനിഷദ് വരിയില്‍ മൂന്നാമതൊരു ഭാഗമുണ്ട്- ജീവോ ബ്രഹ്മൈവനാപരാ അതിനെക്കുറിച്ച് ജീവശാസ്ത്രത്തില്‍ വിവരിക്കാം.) ബ്രഹ്മാണ്ഡപദവിശകലനം: ഭാഗവതത്തില്‍ നല്‍കിയിരിക്കുന്ന ബ്രഹ്മാണ്ഡ വിവരണം വായിക്കുമ്പോള്‍, സുപ്രസിദ്ധ ശാസ്ത്രജ്ഞനായ പ്രൊഫ. നാര്‍ലിക്കര്‍ എഴുതിയ ഒരു അഭിപ്രായം പ്രാധാന്യമര്‍ഹിക്കുന്നതായി മനസ്സിലാകും. ആധുനിക ശാസ്ത്രമായ Stable state theory ക്കും  Big band theory ആധാരമാക്കാവുന്ന ഒരു അത്യുജ്ജ്വല Scientific Concept ആണത്രെ 'ബ്രഹ്മാണ്ഡം' എന്ന പ്രയോഗത്തിലൂടെ പ്രപഞ്ചത്തെക്കുറിച്ചുള്ള വിവരണം നല്‍കിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഗാലക്‌സികളും, സൗരയൂഥങ്ങളും ഗ്രഹങ്ങളുമെല്ലാം നിര്‍മിച്ചിരിക്കുന്നത് 108 അടിസ്ഥാന മൂലകങ്ങളാലാണ്. ആ മൂലകങ്ങളാകട്ടെ പ്രോട്ടോണ്‍, ന്യൂട്രോണ്‍ എന്നിവയാലും. ഈ ആറ്റോമിക് ഘടകങ്ങളാകട്ടെ ക്വാര്‍ക്ക്‌സ് എന്നറിയപ്പെടുന്ന ഘടകങ്ങളാലുമാണ്. ഇവിടെനിന്നും താഴെക്കിറങ്ങിയാല്‍ നമുക്ക് ലഭിക്കുന്നത് ഊര്‍ജ്ജത്തിന്റെ സ്ട്രിങ്ങുകളാണ്. ഓരോ സ്ട്രിങ്ങും നിരന്തരം നൃത്തം ചെയ്യുന്ന ഊര്‍ജ്ജതന്തുക്കളാണ്. ചിലവ ശക്തമായി സ്പന്ദിക്കുന്നു. ചിലവ ശാന്തമായും. ഇത്തരത്തിലുള്ള തന്തുക്കളുടെ നീളം 10-33 സെ.മീ. ആകാമത്രെ. ഒമ്പത് dimension  നും സമയവും ചേര്‍ത്തുള്ള പത്തു ഡയമെന്‍ഷനുകളും ബ്രഹ്മാണ്ഡമാകുന്ന പ്രപഞ്ചത്തില്‍ പ്രവര്‍ത്തിക്കുന്നതിന്റെ നിയമങ്ങള്‍ അനവധി ശാസ്ത്രജ്ഞന്മാര്‍ കണ്ടുപിടിച്ചുകൊണ്ടേയിരിക്കുന്നു. ഈ സ്ട്രിങ്ങുകള്‍ കണ്ടുപിടിച്ചവര്‍ നിയമങ്ങളുണ്ടാക്കി ബ്രഹ്മാണ്ഡത്തെ അനുസരിപ്പിച്ചവരല്ല. മറിച്ച് പ്രപഞ്ചത്തിലും അണുവിലും കണ്ടത് അവര്‍ പഠിച്ചെഴുതിയെന്നേയുള്ളൂ. ആ പ്രപഞ്ചത്തില്‍ കണ്ടതെല്ലാം ഓരോ നക്ഷത്രം മുതല്‍ക്ക് പരമാണുവിലെ ഘടകംവരെ നശിക്കുന്നതും നശിപ്പിക്കുന്നതുമായ ചൈതന്യത്തിന്റെ നിയമപരിപാലനമാണ് ബ്രഹ്മാണ്ഡത്തില്‍ നടക്കുന്ന ബ്രഹ്മവിവര്‍ത്തനം അഥവാ ബ്രഹ്മവൈവര്‍ത്തം. ബ്രഹ്മം എന്ന പദത്തിന് ഈ വിവരണങ്ങളിലൂടെ വ്യക്തമാകുന്ന ശാസ്ത്ര സത്യവും തത്വവും ഇതാണ്. സ്വബോധമുള്ളതും ദിശയും മാര്‍ഗവും വ്യക്തമായി അറിയാവുന്നതും, നിയന്ത്രിക്കാവുന്നതുമായ അത്യുജ്ജ്വല ശക്തിയാണ് ബ്രഹ്മം. അതിനാല്‍ (അചിന്ത്യയാ അപരിമിതയാ ശക്ത്യാ..... എന്ന വരിയിലൂടെ വിവരിക്കുന്നത്. ചിന്തിക്കാന്‍ പറ്റുന്നതിലപ്പുറമുള്ളതും പരിമിതിയില്ലാത്തതുമായ ശക്തികൊണ്ട് നിറഞ്ഞിരിക്കുന്നതും....) ശക്തി ഒരു മുട്ടയില്‍ അഥവാ അണ്ഡത്തിലെന്നപോലെ വര്‍ത്തിക്കുന്നതാണ് ബ്രഹ്മാണ്ഡം. ഒരു മുട്ടയ്ക്കകത്ത് ജീവനുള്ള കോഴിക്കുഞ്ഞിന്റെ ജീവചൈതന്യം നിറഞ്ഞുനില്‍ക്കുന്നു. അനുനിമിഷം കത്തിജ്ജ്വലിക്കുന്ന ആയിരക്കണക്കിന് സൂര്യന്മാരും (ദിവിസൂര്യ സഹസ്രസ്യ) അവയ്ക്കുചുറ്റും പ്രദക്ഷിണം വയ്ക്കുന്ന ജ്യോതിര്‍ഗോളങ്ങളും അനുനിമിഷം മരിക്കുന്ന സൂര്യന്മാരുടെ ശരീരമായ തമോഗര്‍ത്തങ്ങളും ആഹമരസ Black holes അതുപോലെ പുതിയ നക്ഷത്രങ്ങളും ജനിക്കുന്നതും മരിക്കുന്നതുമെല്ലാം ചേര്‍ന്നൊരു മഹാശക്തിയായ പ്രപഞ്ചത്തിന്, അണ്ഡത്തിന്റെ ആകൃതി കൊടുത്തുകൊണ്ട് പൂര്‍വ്വികര്‍ വിവരിച്ചതാണ്, ബ്രഹ്മാണ്ഡം എന്ന പദം. അതാണ് ഊര്‍ജ്ജത്തിന്റെ അഥവാ ബ്രഹ്മചൈതന്യത്തിന്റെ നിറകുടമായ ഈ പ്രപഞ്ചം. ഏതാണ്ട് പൂര്‍ണമായും 'ശൂന്യ'മായിരിക്കുന്നതും അനന്തമായതുമായ ഈ പ്രപഞ്ചത്തില്‍ ഓരോ സൂര്യനും ഗ്രഹങ്ങളും ഏതാനും തരികള്‍ മാത്രമാണ്. ആ തരികളുള്‍പ്പെടെയാണ് ആധുനിക ശാസ്ത്രജ്ഞന്മാര്‍ എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂസയന്റിസ്റ്റ് എന്ന ശാസ്ത്ര മാഗസിനില്‍ എഴുതിയത് ഇതാണ്: ''പിപ്പറ്റിന്റെ ബള്‍ബുപോലെയുള്ള ഈ പ്രപഞ്ചത്തില്‍ ഊര്‍ജ്ജം നിറഞ്ഞിരിക്കുന്നു. നമ്മുടെ ഗാലക്‌സി പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവിലേക്ക് പായുന്നു.'' അതിനാല്‍ ബ്രഹ്മാണ്ഡം ആധുനിക ശാസ്ത്രപദമായ Universal egg  ആണ്. ബ്രഹ്മാണ്ഡപുരാണത്തിലും മറ്റു പുരാണങ്ങളിലും ബ്രഹ്മ-അണ്ഡവിവരണം സുദീര്‍ഘമായി നല്‍കിയിരിക്കുന്നതുപോലെ ബ്രഹ്മവൈവര്‍ത്ത പുരാണത്തിലാകട്ടെ ബ്രഹ്മത്തിന്റെ വിവര്‍ത്തനംകൊണ്ട് അഥവാ രൂപമാറ്റത്താല്‍ പ്രപഞ്ചത്തിലെ ദ്രവ്യസൃഷ്ടി നടക്കുന്നു എന്ന ആശയമാണ് നല്‍കിയിരിക്കുന്നത്. അതായത് മാനിപ്പുലേഷന്‍ ഓഫ് എനര്‍ജി എന്ന കണ്‍സപ്റ്റ് ഉം ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ബ്രഹ്മവൈവര്‍ത്ത പദപ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നത്. ദിശാബോധമുള്ള ഊര്‍ജ്ജത്തിലുണ്ടാകുന്ന വ്യതിയാനങ്ങളിലൂടെ ഉല്‍പ്പന്നത്തിന്റെയും/ദ്രവ്യത്തിന്റെയും അടിസ്ഥാനം തന്നെ മാറ്റുവാന്‍ സാധിക്കുന്നു. creation of materials from consciousness എന്ന ആധുനിക ശാസ്ത്രവരി ശ്രദ്ധേയമാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന Light energy sound energy-heat energy-gravitational energy... ... എന്നീ ഊര്‍ജ്ജസ്രോതസ്സുകളിലെ പ്രതികരണമാണ് ജീവചൈതന്യം എന്ന പ്രതിഭാസത്തിന്റെ ഉത്ഭവത്തിന് കാരണമായത്. ഈ ഊര്‍ജ്ജസ്രോതസ്സുകളിലെ 'ചൈതന്യം' വലിച്ചെടുത്തിട്ടാണ് നൈട്രജനും ഹൈഡ്രജനും ചേര്‍ന്ന് അമോണിയ ഉണ്ടായത്. അതുപോലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡും ഹൈഡ്രജനും ചേര്‍ന്ന് മീഥേനും ഉണ്ടായതും, തുടര്‍ന്ന് അമോണിയയും മീഥേനും കാര്‍ബണ്‍ഡൈ ഓക്‌സൈഡുമെല്ലാം ചേര്‍ന്ന് ആദ്യത്തെ അമിനോ ആസിഡുമുണ്ടായതും അമിനോ ആസിഡുകള്‍ ചേര്‍ന്ന് പെപൈറ്റ്ഡുകളും പോളിപെപൈറ്റ്ഡുകളും അതില്‍നിന്ന് ജീവന്‍ സ്ഫുരിക്കുന്ന പ്രോട്ടീന്‍ ചേര്‍ന്ന വൈറസും ഉദയം ചെയ്തത്. ഈ ബയോരാസപ്രവര്‍ത്തനത്തിലെ ഓരോ പ്രക്രിയയ്ക്കും ആവശ്യത്തിന് ഊര്‍ജ്ജം ലഭിച്ചു എന്നുമാത്രമല്ല ആ ഊര്‍ജ്ജം നടന്ന ബയോകെമിക്കല്‍ പന്ഥാവ് ദിശാബോധത്തോടുകൂടിയതുമായിരുന്നു. അതുകൊണ്ടാണ് ജീവന്‍ എന്ന പ്രതിഭാസം ഉദയം ചെയ്തത്. അപ്രകാരം ഊര്‍ജ്ജത്തിന്റെ 'വൈവര്‍ത്തം' മാനിപ്പുലേഷന്‍ നടന്നില്ലായിരുന്നുവെങ്കില്‍ ജീവനിവിടെ ഉത്ഭവിക്കില്ലായിരുന്നു. ഈ മാനിപ്പുലേഷന്‍ ദിശാബോധത്തോടുകൂടി നടക്കാത്തതുകൊണ്ടാണ് ജീവല്‍ സൃഷ്ടി മറ്റു ഗ്രഹങ്ങളില്‍ നടക്കാത്തതും. അതിനാല്‍, ബ്രഹ്മാണ്ഡം എന്ന പദംപോലെ ശാസ്ത്രീയമാണ് ബ്രഹ്മവൈവര്‍ത്തം എന്ന പദവും. (ഡോ.എന്‍. ഗോപാലകൃഷ്ണന്റെ ബ്രഹ്മചൈതന്യം; ഒരു സമഗ്ര ശാസ്ത്രവിശകലനം എന്ന ഗ്രന്ഥത്തില്‍ നിന്ന്. )

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.