ബന്ധമോക്ഷങ്ങൾക്കു കാരണം മനസ്

Wednesday 31 May 2017 9:03 pm IST

ഓരോ ജ്ഞാനവിജ്ഞാന ശാഖയ്ക്കും അതിന്റേതായ പരിമിതിയുണ്ട്-അതിരുണ്ട്-അതിനപ്പുറം അതിനെ വലിച്ചുനീട്ടിയാല്‍ നീട്ടുന്നവനും നീട്ടിയതും ഒരുപോലെ കെടും. അത് ഉദ്ബുദ്ധതയല്ല, ഉന്മാദമാണ്. അതാണ് നമുക്ക് ദാഹീറിന്റെ ബന്ധുക്കളില്‍ കാണാന്‍ കഴിയുന്നത്. എന്നാലെങ്ങനെയാണ് കാഴ്ചപ്പാടിലും ജീവിതത്തിലും പൗരുഷവും വിജിഗീഷയും പടര്‍ത്തിവിട്ട ശിവാജിയുടെ അനുയായികള്‍ പ്രവര്‍ത്തിച്ചത് എന്ന് നോക്കുക:- മഹാരാഷ്ട്ര ചരിത്രത്തിലെ നാനാ ഫഡ്‌നാവീസിനെക്കുറിച്ച് കേള്‍ക്കാത്തവര്‍ നന്നെ ചുരുങ്ങും. ഹിന്ദുസാമ്രാജ്യ പുനഃസ്ഥാപനത്തിന്റെ സൂത്രധാരനായിരുന്ന അദ്ദേഹം കാശിയില്‍ എന്തെങ്കിലും പുണ്യകാര്യം ചെയ്യാന്‍ ആഗ്രഹിച്ചു. ഗംഗയുടെ കൈവഴിയായ കര്‍മനാശിനിയില്‍ പാലംകെട്ടാന്‍ പദ്ധതിയിട്ടു. അതനുസരിച്ച് കരാറും കൊടുത്തു. കരാറുകാരന്‍ പതിനെട്ടടവും പയറ്റിയിട്ടും തൂണുകള്‍ക്ക് അടിത്തറയിടാന്‍ കഴിഞ്ഞില്ല. മണലും ഒഴുക്കും കണക്കുകൂട്ടലുകളൊക്കെ തെറ്റിക്കുകയായിരുന്നു. അവസാനം ഗംഗാമാതാവിനെ പ്രസാദിപ്പിക്കാന്‍ നിശ്ചയിച്ചു. 1795 സെപ്തംബര്‍ ആറിന് ഒരുകൂട്ടം പുരോഹിതന്മാര്‍ ഗംഗാമാതാവിനെ പ്രസാദിപ്പിക്കാന്‍ മന്ത്രം ജപിച്ചുതുടങ്ങി. അഖണ്ഡജപം ദിവസങ്ങളോളം തുടര്‍ന്നു-എന്നിട്ടും മണല്‍ മാറിയില്ല, ഒഴുക്കൊടുങ്ങിയില്ല. ഉരുക്കഴിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. ഈ വിവരം പൂനയില്‍ നാനാഫഡ്‌നവീസിന്റെ ചെവിയിലെത്തി. അദ്ദേഹം പുരോഹിതന്മാരെ ആദരവോടെ വീട്ടിലേക്കയച്ചു. കരാറുകാരനെ ഒഴിവാക്കി ബേക്കര്‍ എന്ന ഇംഗ്ലീഷുകാരനായ എഞ്ചിനീയര്‍ക്ക് പണി ഏല്‍പ്പിച്ചുകൊടുത്തു. ബേക്കര്‍ക്ക് ഗംഗാമാതാവിനെ പ്രസാദിപ്പിക്കുന്ന മന്ത്രമറിയില്ലായിരുന്നെങ്കിലും അടിത്തട്ടിലെ മണലും വെള്ളത്തിന്റെ ഒഴുക്കു വഴിപ്പെട്ടുകൊടുക്കുന്ന വശീകരണ മന്ത്രമറിയാമായിരുന്നു- ശാസ്ത്രീയമായ സാങ്കേതിക പരിജ്ഞാനത്തിന്റെ സഹായത്തോടുകൂടി മിസ്റ്റര്‍ ബേക്കര്‍ കല്‍ക്കട്ടയില്‍നിന്ന് ഇരുമ്പുതൂണുകള്‍ കൊണ്ടുവന്ന്, മറ്റ് കോപ്പുകളും കൂട്ടി, നിശ്ചിത പദ്ധതിപ്രകാരം പാലം തീര്‍ത്തു. നാനാഫഡ്‌നവീസിന് നിശ്ചിത പുണ്യകര്‍മം ചെയ്യാന്‍ സാധിച്ചു. പാലത്തിന്റെ അടിയില്‍ മണല്‍ അതുപോലെ കിടന്നു. പുഴയും തടസ്സമില്ലാതെ ഒഴുകി. ശാസ്ത്രം ആരെയും എതിര്‍ത്തില്ല. എല്ലാവരും വിജയിച്ചു. അമ്പേ പരാജയപ്പെട്ടത് മന്ത്രവൈകൃതം മാത്രം. മേല്‍പ്പറഞ്ഞ മാന്ത്രികന്മാരെ കടത്തിവെട്ടുന്നതായിരുന്നു ഗുജറാത്തിലെ ജൈന രാജാവായിരുന്ന കുമാരപാലന്റെ അഹിംസ. മേരുതുംഗന്‍ രചിച്ച 'പ്രബന്ധചിന്താമണി' എന്ന ഗ്രന്ഥത്തില്‍ ആദരവോടും അഭിമാനത്തോടുംകൂടി വര്‍ണിച്ചിരിക്കുന്ന ഈ സംഭവം ജൈനന്മാര്‍ക്കിടയില്‍ 'അനുവ്രത സമ്പ്രദായം' ആചാരത്തില്‍ വരുന്നതിന് മുന്‍പായിരിക്കണമെന്ന് തോന്നുന്നു. നാളിതുവരെ ജനിച്ച എല്ലാ മതസ്ഥാപകന്മാരും പറഞ്ഞതുപോലെ ജിനനും അഹിംസ, സത്യം, അസ്‌തേയം എന്നു തുടങ്ങിയ ഗുണങ്ങളെക്കുറിച്ച് പറഞ്ഞു. അവ അണുവിടതെറ്റാതെ അതേപടി പാലിക്കാന്‍ ദിഗംബരന്മാരായ സന്യാസിമാര്‍ക്കു മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അനുഭവങ്ങളുടെ പാഠങ്ങള്‍ ആ നിഷ്‌കര്‍ഷങ്ങളുടെ കര്‍ത്തവ്യത്തില്‍ അയവുവരുത്തി. മാലോകര്‍ക്കിടയില്‍, പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടു. അവയാണ് ജൈനര്‍ക്കിടയിലെ മഹാവ്രതത്തെ അനുഗമിക്കുന്ന 'അനുവ്രതം'. ഈ പരിണാമത്തിനു ശതാബ്ദങ്ങള്‍ തന്നെ വേണ്ടിവന്നിരിക്കണം. ഇതിന് മുന്‍പായിരിക്കണമെന്ന് തോന്നുന്നു താഴെ പറയുന്ന കുമാരപാകന്റെ അഹിംസാ പ്രകരണം. ഒരിക്കല്‍ ഒരു കച്ചവടക്കാരന്‍ സ്വന്തം തലയിലെ പേന്‍ പൊട്ടിച്ചു. വിവരമറിഞ്ഞ രാജാവ് അയാളെ അനില്‍വാഡയിലെ പ്രത്യേക കോടതിയില്‍ വരുത്തി ഹിംസ നടത്തിയതിന് ശിക്ഷയായി അയാളുടെ സ്വത്തുമുഴുക്കെ കണ്ടുകെട്ടി! രാജാവിന് മതിയായില്ല. സ്വന്തം രാജ്യത്തില്‍ നടന്ന ഹിംസയ്ക്ക് പ്രായശ്ചിത്തമായി ആ പണംകൊണ്ടു വലിയൊരു ജൈനമന്ദിരം കെട്ടി. അതിനെ യൂകവിഹാരം (യൂകം=പേന്‍) എന്നുപേരിട്ടു. ഇതിനെക്കുറിച്ചു ഹിന്ദുരാഷ്ട്രാഭിമാനിയായ വീരസവര്‍ക്കര്‍ വിമര്‍ശിക്കുന്നതിങ്ങനെയാണ്, ''എന്തൊരാഭാസം! മുടിയിലെ പേന്‍ രക്ഷിക്കാന്‍ മനുഷ്യന്റ തല തന്നെ അറുക്കുന്നു! ഇതാണത്രെ അഹിംസ! എന്നാല്‍ മനുഷ്യനെ മുടിക്കുന്നതു ഹിംസയല്ല! അവന് ജീവനെന്ന വസ്തുതന്നെ ഇല്ലായിരിക്കാം.'' (ഭാരതീയ ഇത്ഹാസാച്യാ സഹാസോ നേരി പാനേ- ഭാരതീയ ചരിത്രത്തിന്റെ ആറു പൊന്നേടുകള്‍). ചുരുക്കത്തില്‍ ദാനം, സത്യം, ബിംബാരാധന, ഗോഭക്തി, ബ്രാഹ്മണഭക്തി, മന്ത്രമാഹാത്മ്യം, അഹിംസ മുതലായ വിലപ്പെട്ട ഗുണങ്ങള്‍ എത്രകണ്ടു വികൃതമാക്കപ്പെട്ടു എന്നുനോക്കുക. ഹിന്ദുസ്ഥാനത്തില്‍ ഈ വൈകൃതങ്ങള്‍ സര്‍വത്ര ഏകരൂപമായി കാണപ്പെട്ടു എന്നല്ല ഇത്രയും പറഞ്ഞതിന്റെ പൊരുള്‍, വിഷയം വൈകൃതമല്ല, അതിന്റെ ഈറ്റില്ലമായ മനസ്സാണ്-മനുഷ്യരുടെ മനസ്സാണ്-ബന്ധമോക്ഷങ്ങള്‍ക്കു കാരണം (മന ഏവ മനുഷ്യാണാം കാരണം ബന്ധമോക്ഷയോഃ) ആ മനസ്സ് വികൃതമായി-അതിന്റെ ദുഷ്ടസന്തതികളാണ് മേല്‍പ്പറഞ്ഞ വൈകൃതങ്ങളെല്ലാം. (ആര്‍എസ്എസ് അഖിലേന്ത്യാ മുന്‍ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരിയുടെ 'ഇനി ഞാന്‍ ഉണരട്ടെ' എന്ന പുസ്തകത്തില്‍ നിന്ന് (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.