റേഷന്‍ കാര്‍ഡ് വിതരണം ഇന്ന് മുതല്‍

Wednesday 31 May 2017 9:21 pm IST

തൃശൂര്‍: താലൂക്കിലെ 5 കേന്ദ്രങ്ങളില്‍ ഇന്ന് റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമെന്ന് തൃശൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ജയചന്ദ്രന്‍ അറിയിച്ചു. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പുതിയ റേഷന്‍കാര്‍ഡ് വിതരണം ഇന്നാരംഭിക്കുന്നത്. ജില്ലയില്‍ വിതരണം ചെയ്യുന്നത് 11 ലക്ഷത്തോളം റേഷന്‍കാര്‍ഡുകളാണ്. എ.ആര്‍.ഡി.30 വടൂക്കര ഗേറ്റ്, എ.ആര്‍.ഡി.8 കൊക്കാല ജംഗ്ഷന്‍ എന്നി റേഷന്കടകളിലെ ഉപഭോക്താക്കളുടെ റേഷന്‍കാര്‍ഡ് വിതരണം കൂര്‍ക്കഞ്ചേരി എസ്.എന്‍.ഹാളിലും എ.ആര്‍.ഡി. 198 ആട്ടോര്‍ റോഡ് റേഷന്‍ കടയിലെ കാര്‍ഡ് വിതരണം പോട്ടോര്‍ കാര്‍ത്തിക വായനശാലയിലും എ.ആര്‍.ഡി. 143 നെല്ലിക്കാട് റേഷന്‍കടയിലെ കാര്‍ഡ് വിതരണം രാമവര്‍മ്മപുരം കോര്‍പ്പറേഷന്‍ അഗതി മന്ദിരത്തിലും എ.ആര്‍.ഡി.366 ചെമ്പംകണ്ടം റേഷന്‍കടയിലെ കാര്‍ഡ് വിതരണം റേഷന്‍കടയില്‍ വെച്ചും നടത്തും. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയാണ് റേഷന്‍കാര്‍ഡ് വിതരണം നടക്കുക. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് പഴയ റേഷന്‍കാര്‍ഡുകള്‍ മാറ്റി പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 2013ലാണ് മുന്‍ഗണനാ ലിസ്റ്റ് പ്രകാരം പുതിയ റേഷന്‍കാര്‍ഡ് തയ്യാറാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുണ്ടായ പടലപ്പിണക്കവും ജീവനക്കാരുടെ കുറവും മൂലം റേഷന്‍കാര്‍ഡ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വൈകി. ജില്ലയില്‍ 6 താലൂക്കുകളിലായി 5 റേഷന്‍കടകള്‍ വീതമാണ് ഉപഭോക്താക്കള്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്യുക. രഹസ്യ ബാര്‍കോഡ് രേഖപ്പെടുത്തിയിട്ടുള്ള റേഷന്‍കാര്‍ഡുകള്‍ പലനിറത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരുമാസം കൊണ്ട് ജില്ലയിലെ റേഷന്‍കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കും. ജൂലായ് മാസത്തില്‍ അതത് താലൂക്ക് സപ്ലൈ ഓഫീസുകള്‍ വഴി തെറ്റുതിരുത്താന്‍ അവസരം ഒരുക്കും. റേഷന്‍കാര്‍ഡ് വാങ്ങിക്കാന്‍ അതത് കേന്ദ്രങ്ങളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുകള്‍ കയ്യില്‍ സൂക്ഷിക്കേണ്ടതാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് റേഷന്‍കാര്‍ഡ് സൗജന്യമായി നല്‍കും. അന്ത്യയോജനവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് 50രൂപയും മുന്‍ഗണനയില്ലാത്തവരില്‍ നിന്ന് നൂറു രൂപയും റേഷന്‍കാര്‍ഡിനു വില ഈടാക്കും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.