കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു

Wednesday 31 May 2017 9:28 pm IST

വരന്തരപ്പിള്ളി: മലയോര മേഖലക്ക് ആശ്രയമായ കെഎസ്ആര്‍ടിസി ബസിന്റെ സര്‍വീസ് മുടങ്ങുന്നത് മൂലം യാത്രക്കാര്‍ വലയുന്നു. അളഗപ്പനഗര്‍, വരന്തരപ്പിള്ളി പഞ്ചായത്തുകളുടെ മലയോര പ്രദേശങ്ങളായ കുന്നത്തുപ്പാടം, പയ്യാക്കര, വരാക്കര, പീച്ചാംപിള്ളി എന്നിവിടങ്ങളിലൂടെ തൃശൂരിലേക്ക് പോകുന്ന ബസാണ് സ്ഥിരമായി യാത്ര മുടക്കുന്നത്. ദിവസം രാവിലെ തൃശൂരിലേക്കും തിരിച്ച് വൈകീട്ട് വരന്തരപ്പിള്ളിയിലേക്കുമായി രണ്ടു തവണയാണ് ഈ റൂട്ടില്‍ ബസ്സ് സര്‍വീസ് നടത്തുന്നത്. സ്വകാര്യ ബസ് സര്‍വീസ് ഇല്ലാത്ത ഈ ഭാഗത്ത് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് ഇവിടെയുള്ളവര്‍ക്ക് ഏക ആശ്രയം. രാവിലെ ഏഴരയോടെ ഈ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്ന ബസില്‍ മലഞ്ചരക്ക് കൊണ്ടു പോകുന്ന കര്‍ഷകരും, ഓട്ടുകമ്പനി തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് യാത്ര ചെയ്യുന്നത്. ഇത്രയധികം ആളുകള്‍ കാത്ത് നില്‍ക്കുമ്പോഴും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ബസ്സ് സര്‍വ്വീസ് നടത്തുന്നത്. സ്ഥിരമായി ബസ് സര്‍വീസ് നടത്തുന്നതിനുള്ള ആവശ്യവുമായി ഈ പ്രദേശത്തുള്ളവര്‍ നിരന്തരം പുതുക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കയറിയിറങ്ങുകയാണ്. ഈ റൂട്ടില്‍ കളക്ഷന്‍ കുറവാണെന്ന പേരിലാണ് ബസ് സര്‍വീസ് നടത്താത്തതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ റൂട്ടില്‍ മാത്രമായി രണ്ട് ട്രിപ്പുകളിലായി രണ്ടായിരം രൂപയിലേറെ കളക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. രാവിലെ ഉള്ള ട്രിപ് കഴിഞ്ഞ് ഇതേ ബസ് ആലുവയിലേക്ക് പോകുന്നത് വിരലിലെണ്ണാവുന്ന യാത്രക്കാരെയും കൊണ്ടാണെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. കളക്ഷന്‍ കുറവാണെന്ന പേര് പറഞ്ഞ് ബസ് സര്‍വ്വീസ് നിര്‍ത്തലാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്ഥിരമായി യാത്രക്കാര്‍ ഉണ്ടായിരുന്ന റൂട്ടില്‍ ബസ് ഓടാത്തത് മൂലം യാത്രക്കാര്‍ മറ്റ് മാര്‍ഗ്ഗങ്ങളാണ് ഇപ്പോള്‍ തേടുന്നത്. ബസ് ഓടുന്നുണ്ടോ എന്നറിയാന്‍ യാത്രക്കാര്‍ പുലര്‍ച്ചെ മുതല്‍ പുതുക്കാട് ഡിപ്പോയിലേക്ക് ഫോണ്‍ വിളിച്ച് ചോദിക്കേണ്ട അവസ്ഥയാണെന്ന് യാത്രക്കാരി പറഞ്ഞു. ബദല്‍ മാര്‍ഗ്ഗങ്ങളില്ലാതെ വലയുന്ന മലയോര പ്രദേശവാസികള്‍ക്ക് ആശ്രയമായ ബസ് ദിനവും സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.