തലശേരി: അവധിക്കാലം കളിച്ചുരസിച്ചു തീര്‍ക്കാന്‍ മാത്രമുള്ളതല്ല, സഹപാഠികളെ സഹായിക്കാനുള്ള അവസരം കൂടിയാണെന്ന് ബ്രണ്ണന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ തെളിയിച്ചിരിക്കുകയാണ്. സ്കൂളിലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന സഹപാഠികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇതിനുള്ള പണം കണ്ടെത്താന്‍ എളുപ്പമായിരുന്നില്ല. രക്ഷിതാക്കളെ ഇതിനായി സമീപിക്കുന്നതും ശരിയല്ലെന്ന് കരുതി സ്വയം ഒരു വഴി കണ്ടെത്തുകയായിരുന്നു. ഡോ.എ.പി.ജെ.അബ്ദുള്‍ കലാമിന്റെ ആശയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വളരെയധികം പ്രയോജനപ്രദമാണെന്ന തിരിച്ചറിവാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഗ്രാമം തോറും ചെന്ന് വില്ക്കാന് പ്രേരിപ്പിച്ചത്. സമൂഹത്തില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. മുപ്പതിനായിരത്തോളം രൂപയുടെ പുസ്തകങ്ങള്‍ വിറ്റു കഴിഞ്ഞു. ഇതില്‍ നിന്നും കിട്ടുന്ന വരുമാനം പ്രവേശനോത്സവത്തില്‍ വെച്ച് സ്നേഹസമ്മാനമായി സഹപാഠികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കും. വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ‘സ്വപ്നങ്ങള്‍’ എന്ന വിഷയത്തില്‍ തലശ്ശേരി ടീച്ചര്‍ എഡുക്കേഷന്‍ സെന്റര്‍ പ്രിന്‍സിപ്പാള്‍ ഡോ:ടി.വി.കുഞ്ഞിരാമന് ക്ലാസ്സ് നല്‍കിയിരുന്നു.
ഇതിനു മുമ്പും എന്‍എസ്എസ് യൂണിറ്റ് മാതൃകപരമായ പ്രവര്‍ത്തനം കാഴ്ച വെച്ചിരുന്നു. ഇതിനെല്ലാം പ്രോത്സാഹനം നല്‍കുന്നത് അദ്ധ്യാപകരും പിടിഎയുമാണ്. പിടിഎ പ്രസിഡന്റ് അഡ്വ.കെ.സി.രഘുനാഥ്, പ്രിന്‍സിപ്പാള്‍ ഡോ. ശശിധരന് കുനിയില്‍, പ്രോഗ്രാം ഓഫീസര്‍ കെ.എന്‍.രാജീവ്, അദ്ധ്യാപകരായ ഡി. ബിനോയി, ഷിജിത്ത്, പ്രസാദന്‍ മാസ്റ്റര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വഴികാട്ടിയായി. വളണ്ടിയര്‍ ലീഡര്‍മാരായ അഭിനവ്, ദര്‍ശന എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: