ഏലത്തിനും കുരുമുളകിനും വിലയിടിവ് തുടരുന്നു

Wednesday 31 May 2017 9:37 pm IST

കുമളി: ഏലത്തിനും കുരുമുളകിനും  നേരിട്ട  വിലത്തകര്‍ച്ച  ഹൈറേഞ്ചിലെ  കര്‍ഷകര്‍ക്ക്  തിരിച്ചടിയാകുന്നു. സീസണ്‍  ആരംഭിക്കാന്‍  ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ  ഏലക്കയുടെ വില പോയ സീസണില്‍ നിന്ന് പകുതിയായി. കഴിഞ്ഞ ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍  ഗുണ മേന്മ കൂടിയ ഏലക്കായുടെ കിലോ വില 1400 വരെയെത്തിയിരുന്നു. ഇപ്പോള്‍ ഏലം ലേല കേന്ദ്രങ്ങളിലെ ശരാശരി വില എണ്ണൂറ് രൂപയിലേക്ക് താഴ്ന്നു. വ്യാപാരികള്‍ ഇതിലും കുറഞ്ഞ വിലയ്ക്കാണ് കര്‍ഷകരില്‍ നിന്ന് ഏലം വാങ്ങുന്നത്. വരാനിരിക്കുന്ന വിളവെടുപ്പ്  സീസണില്‍  കാലവര്‍ഷം സുലഭമായി ലഭിക്കുമെന്നും ഇത് കൂടുതല്‍ ഉത്പാദനത്തിന് സഹായിക്കുമെന്നും  കണക്കുകൂട്ടിയാണ്  ഉയര്‍ന്ന വിലയ്ക്ക് ഏലം സംഭരിക്കാന്‍ വ്യാപാരികള്‍ തയാറാകാത്തതെന്നു കര്‍ഷകര്‍ പറയുന്നു. ഹൈറേഞ്ചിലെ ഏലം കാര്‍ഷിക മേഖലയില്‍ വേനല്‍ മഴ ലഭിച്ചത് കടുത്ത വരള്‍ച്ചയില്‍ നിന്ന് ഏലച്ചെടികളെ  സംരക്ഷിക്കാന്‍ സഹായകമായി. ഓരോ സീസണിന്റെയും അവസാന സമയത്ത് വില ഉയരുമെന്ന  പ്രതീക്ഷയില്‍  ഉത്പന്നം  കരുതിയവര്‍ക്ക് ഇപ്പോഴത്തെ അപ്രതീക്ഷിത വിലയിടിവ്  വലിയ തിരിച്ചടിയായി. തൊഴിലാളി വേതനം വര്‍ദ്ധിച്ചതും, വളം-കീടനാശിനി എന്നിവയുടെ വില ക്രമാതീതമായി ഉയര്‍ന്നതും വിനയായി. ഏലത്തിന് വിലകുറയാന്‍ കാലാവസ്ഥ കരണമായെങ്കില്‍  കുരുമുളകിന്റെ  വിലത്തകര്‍ച്ചയ്ക്ക്  ഒരു കരണവുമില്ലെന്നു കര്‍ഷകര്‍ പറയുന്നത്. കുരുമുളകിന്റെ  വില  രണ്ടു മാസത്തിനിടെ കിലോയ്ക്ക്  200 രൂപ വരെ താഴ്ന്നു . ഡിസംബര്‍,ജനുവരി മാസങ്ങളില്‍ ഒരു കിലോ ഉണക്ക കുരുമുളകിന് എഴുനൂറു  രൂപ  കര്‍ഷകര്‍ക്ക്  മൊത്ത വിപണിയില്‍ നിന്ന് ലഭിച്ചിരുന്നു. ഇപ്പോള്‍ അഞ്ഞൂറ് രൂപയില്‍ താഴെയാണ് ഗാര്‍ബിള്‍ഡ് ഇനത്തിന്റെ   വില .  അംഗാര്‍ബിള്‍ഡ്  കുരുമുളകിന് പിന്നെയും പത്തു രൂപ കുറയും. കൊച്ചിയിലെ  നാമമാത്ര വന്‍കിട കച്ചവടക്കാരുടെ  നിയന്ത്രണത്തിലാണ്  കേരളത്തിലെ കുരുമുളക് വിപണി. വില നിശ്ചയിക്കുന്നതില്‍  ഇവരുടെ താല്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത.് ഓരോ വര്‍ഷവും കുരുമുളകിന്റെ ഉത്പാദന തോത്  ഗാണ്യമായി കുറഞ്ഞു വരുന്നത്  സ്ഥിരമായി മെച്ചപ്പെട്ട വില  കൃഷിക്കാര്‍ക്ക് ലഭിക്കാന്‍ കരണമാകേണ്ടതാണ്. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും ഗുണമേന്മ കൂടിയ ഉത്പന്നത്തിന്റെ പട്ടികയില്‍ ഭാരതത്തിലെ കുരുമുളകിന് സ്ഥാനമുണ്ട്. എന്നാല്‍ അസംഘടിതരായ ചെറുകിട കര്‍ഷകരെ  ചൂഷണം ചെയ്ത് കുറഞ്ഞ വിലയ്ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍  കുത്തക വ്യാപാരികള്‍  തട്ടിയെടുക്കുകയാന്നെന്നു കര്‍ഷകര്‍ ആരോപി   ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.