സിറിയന്‍ പ്രസിഡന്റിന്‌ ഭരിക്കാന്‍ അര്‍ഹതയില്ലെന്ന്‌ അമേരിക്ക

Tuesday 12 July 2011 9:55 pm IST

വാഷിംഗ്ടണ്‍: സിറിയന്‍ പ്രസിഡന്റ്‌ ബാഷര്‍ അല്‍ അസദിന്‌ അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അസദ്‌ ഭരണകൂടത്തിന്റെ നിയമസാധുത നഷ്ടപ്പെട്ടിരിക്കുകയാണെന്നും യുഎസ്‌ സ്റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു.
സിറിയയിലെ ഡമാസ്കസിലുള്ള യുഎസ്‌ എംബസിക്ക്‌ നേര്‍ക്ക്‌ സര്‍ക്കാരനുകൂലികള്‍ ആക്രമണം നടത്തിയ സാഹചര്യത്തില്‍ മാധ്യമങ്ങളോട്‌ സംസാരിക്കവേയാണ്‌ ഹിലരി ഇക്കാര്യം വ്യക്തമാക്കിയത്‌. സിറിയയിലെ അതീവ പ്രശ്നബാധിത പ്രദേശങ്ങളിലൊന്നായ ഹാമയില്‍ കഴിഞ്ഞയാഴ്ച യുഎസ്‌ അധികൃതര്‍ നടത്തിയ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചാണ്‌ എംബസിക്ക്‌ നേര്‍ക്ക്‌ സര്‍ക്കാരനുകൂലികള്‍ ആക്രമണം നടത്തിയത്‌. രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധങ്ങളെപ്പോലും മാനിക്കാത്ത അസദ്‌ സര്‍ക്കാര്‍ അധികാരത്തില്‍ തുടരുന്നത്‌ അംഗീകരിക്കാനാവില്ലെന്നും രാജ്യത്തെ എംബസികളെ സംരക്ഷിക്കുമെന്ന്‌ അവകാശപ്പെട്ടിരുന്ന അസദ്‌ തന്റെ വാഗ്ദാനം ലംഘിച്ചിരിക്കുകയാണെന്നും ഹിലരി വ്യക്തമാക്കി. ഇതോടൊപ്പം സിറിയയിലെ അമേരിക്കന്‍ സ്ഥാനപതിയായ റോബര്‍ട്ട്‌ ഫ്രോസിന്റെ വസതിക്ക്‌ നേര്‍ക്കും ആക്രമണമുണ്ടായതായും അവര്‍ വെളിപ്പെടുത്തി.
സിറിയയിലെ ജനങ്ങളെയോര്‍ത്ത്‌ അമേരിക്കയ്ക്ക്‌ ആധിയുണ്ട്‌. രാജ്യത്തെ വിദേശ നയതന്ത്ര പ്രതിനിധികളെപ്പോലും സംരക്ഷിക്കാനാവാത്ത ഒരു ഭരണകൂടത്തിന്റെ കയ്യില്‍ ജനങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്ന്‌ ആര്‍ക്കാണറിയാത്തത്‌, ഹിലരി തുറന്നടിച്ചു. സിറിയയില്‍ ജനാധിപത്യ ഭരണം നടപ്പാക്കണമെന്നതാണ്‌ അമേരിക്കയുടെ ആവശ്യമെന്നും അസദ്‌ ഭരണകൂടത്തിന്‌ അനുകൂലമായ തരത്തിലുള്ള യാതൊരുവിധമായ തീരുമാനവും രാജ്യത്തിന്‌ സ്വീകരിക്കാന്‍ സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. ആ രാജ്യം കടുത്ത അരാജകത്വത്തിലേക്ക്‌ കൂപ്പുകുത്തുകയാണ്‌ പ്രക്ഷോഭങ്ങള്‍ക്കുശേഷം സിറിയയുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക്‌ കനത്ത ഉത്കണ്ഠയുണ്ട്‌, ഹിലരി തുടര്‍ന്നു.
ഇതോടൊപ്പം സിറിയയിലെ ഫ്രഞ്ച്‌ എംബസിക്ക്‌ നേര്‍ക്കും ആക്രമണം നടന്നിരുന്നു. ഇക്കാരണത്താല്‍ സിറിയക്കെതിരായി അമേരിക്ക ഏര്‍പ്പെടുത്തുന്ന ഉപരോധ നടപടികള്‍ക്ക്‌ ഫ്രാന്‍സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. അമേരിക്കയിലെ സിറിയന്‍ സ്ഥാനപതിയായ ഇമാദ്‌ മുസ്തഫയുമായി അധികൃതര്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അസദ്‌ ഭരണകൂടത്തിനെതിരെ മൃദു സമീപനം സ്വീകരിക്കാനാവില്ലെന്ന്‌ അമേരിക്ക നിലപാടെടുക്കുകയായിരുന്നു.
സിറിയന്‍ നഗരങ്ങളായ ഹാമയിലും ഡമാസ്കയിലും പ്രക്ഷോഭകാരികളും സര്‍ക്കാരും തമ്മില്‍ നടക്കുന്ന ശക്തമായ ഏറ്റുമുട്ടലുകള്‍ പാശ്ചാത്യലോകം ആശങ്കയോടെയാണ്‌ വീക്ഷിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.